23. കണ്ണുണ്ടായാല്‍ പോര കാണണം

(ഈ സംഭവം അറിയാവുന്നവര്‍ ഇതിലെ കഥാപാത്രങ്ങളായ മൂന്നു പേര്‍ക്ക് മാത്രമാണ്. അവരുടെ സമ്മതത്തോടെ ഞാനിത് പറയട്ടെ!!!)



ഒരുനാള്‍ ഞാനും PHd വിദ്ധ്യാര്‍ദ്ധിയായ റോബിന്‍ ചേട്ടനും ഡിപ്പാര്ട്ട്മെന്റ് -ഇല്‍ നില്‍ക്കുമ്പോളാണ് വിപിന്‍  ഒരു പുതിയ പ്രശ്നം അവതരിപ്പിച്ചത് "കണ്ണുണ്ടായാല്‍ പോര കാണണം, നമ്മള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്നും വളരെ അകലുന്നു. ക്യാമ്പസ്സിനുള്ളില്‍ ആയതു കൊണ്ട് നമുക്ക് പുറം ലോകവുമായി ബന്ധമില്ല" - വിപിന്‍  പറഞ്ഞു.

" മനുഷ്യരുടെ കഥ എല്ലായിടവും ഇപ്പോഴും ഒരേ പോലയല്ലേ ?" - ഞാന്‍ ചോദിച്ചു.

"ഒന്നുപോടാ, ഈ ചെന്നൈയില്‍ കാശില്ലാത്തവര്‍ എങ്ങേനയാണ്‌ ജീവിക്കുന്നത് എന്ന് നിനക്കറിയാമോ?"- വിപിന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ തലയാട്ടി


"ഇന്ന് രാത്രിയില്‍ നമ്മള്‍ മറീന ബീച്ചില്‍ പോകുന്നു, ഒറ്റ രൂപ ആരുടെയും കയ്യിലില്ലാതെ ഒരു തിരിച്ചറിയല്‍ രേഖകളും ഇല്ലാതെ ഒരു രാത്രി ഈ ചെന്നൈയില്‍ ചിലവഴിക്കുന്നു. കാശില്ലാത്ത ഒരാള്‍ ഒരുരാത്രി ചെന്നൈയില്‍ എങ്ങനെ ചിലവഴിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു, സമ്മതമാണോ?"- വിപിന്‍ ചോദിച്ചു.

എനിക്കും റോബിന്‍ ചേട്ടനും താല്പര്യക്കുറവൊന്നും ഇല്ല. അതിനാല്‍ വിട്ടേക്കാം മറീന ബീച്ചില്‍ എന്ന് തീരുമാനിച്ചു.

രാത്രിയിലെ ഭക്ഷണവും കഴിഞ്ഞു മൂന്ന് പേരും ഒത്തുകൂടി, എന്നെ കണ്ടപാടെ "മൊബൈല്‍ എടുത്തിട്ടുണ്ടോ"- എന്നായി വിപിന്‍റെ ചോദ്യം
"ഉണ്ട്"- ഞാന്‍ മറുപടി കൊടുത്തു.

"കൊണ്ട് തിരികെ വെക്കടാ, ഒന്നും എടുക്കാതെയാ നമ്മള്‍ പോകുന്നത്, നീ ഇന്റര്‍വ്യൂനൊന്നും പോവുകയല്ലല്ലോ ഈ ഷര്‍ട്ടും പാന്റും ഇട്ടുകൊണ്ട്‌, പോയി അല്പം മുഷിഞ്ഞത് ധരിച്ചു കൊണ്ട് വന്നേ"- വിപിന്‍ അല്പം ചൂടായി.

( എന്‍റെ സീനിയര്‍ അല്ലേ, അവര്‍ക്ക് എന്നോട് ചൂടാകാം)

ഓടിപ്പിടിച്ച് മുറിയില്‍ വന്നു കിട്ടാവുന്നതില്‍ പഴകിയതും മുഷിഞ്ഞതും അയ ഡ്രസ്സ്‌ ധരിച്ചു കൊണ്ട് ഞാന്‍ ചെന്ന്, മൂന്ന് പേരുടെ വസ്ത്രവും ഇതേ പോലെയാണ്, അങ്ങനെ ഏകദേശം രാത്രി ഒന്‍പതു മണിയോടെ മറീന ബീച്ചി‍ലെത്തി.

ബീച്ച് ശാന്തമാണ്‌, വലിയ തിരക്കൊന്നുമില്ല. ഒരിടത്തിരുന്നുകൊണ്ട്‌ മൂന്ന് പേരും വിശദമായി ചര്‍ച്ച തുടങ്ങി- എന്ത് ചര്‍ച്ച - ഐ. ഐ. റ്റി - യില്‍ ജൂനിയര്‍ ആയി വന്ന പെണ്‍കുട്ടികളെക്കുറിച്ചും സിനിമ കഥകളെ കുറിച്ചും അല്ലാതെന്താ!!!

ആദ്യം അസ്വാദ്യകരമായിരുന്നെങ്കിലും പിന്നീടു മൂന്നുപേര്‍ക്കും ബോറടിച്ചു തുടങ്ങി- ഉറക്ക ക്ഷിണവും. ഒരു മൂന്നു മണിയോടെ ഇനി മതിയാക്കാം എന്ന് പറഞ്ഞുകൊണ്ട് മൂന്നു പേരും തിരിച്ചു. ബീച്ചില്‍ നിന്ന് നടന്നു റോഡിലെത്തിയപ്പോള്‍ ഒരു പോലീസെ ജീപ്പ് മുന്നില്‍ വന്നു നിന്ന്. കുറെ പോലീസുകാര്‍ ഇറങ്ങിവന്നു "ആരാണ്, എന്താണ്, എങ്ങോട്ടാണ്'- എന്നൊക്കെ ചോദ്യം തുടങ്ങി.

"ഐ. ഐ. റ്റി - യില്‍ പഠിക്കുന്നവരാണ്"- വിപിന്‍ പറഞ്ഞു.

മൂന്ന് പേരെയും ഒന്ന് രൂക്ഷമായി ഒന്ന് നോക്കിയിട്ട് പോലീസ് ജീപ്പില്‍ കയറാന്‍ പറഞ്ഞു.

മൂന്നു പേരും കയറി.
" നമ്മള്‍ എങ്ങോട്ടാ പോകുന്നത് "- ഞാന്‍ വിപിനോട് ചോദിച്ചു.

"എടാ ഇവര്‍ നമ്മളെ ഐ. ഐ. റ്റി - യില്‍ കൊണ്ടാക്കാന്‍ പോവുകയാണ്, ഒരു നടപ്പ് ഒഴിവായി "- വിപിന്‍ കോട്ടുവാ ഇട്ടുകൊണ്ട്‌ പറഞ്ഞു.


"പക്ഷെ ഇതേതു വഴി"- റോബിന്‍ ചേട്ടന്‍ ചോദിച്ചു.

'പോലീസുകാരല്ലേ, ഇവര്‍ക്ക് പല വഴികളും അറിയാം"- വിപിന്‍ മറുപടി നല്‍കി.

ഐ. ഐ. റ്റി വിദ്ധ്യാര്‍ദ്ധികളുടെ ഒരു വില, പോലീസുകാര്‍ ഹോസ്റ്റലില്‍ വരെ കൊണ്ട് വിടുമാരിക്കും. ഐ. ഐ. റ്റി വിദ്ധ്യാര്‍ദ്ധി ആയതില്‍ ഞാന്‍ രഹസ്യമായി അഭിമാനം കൊണ്ടു.


പക്ഷേ പോലീസ് ജീപ്പ് പോയത് ഐ. ഐ. റ്റി -യിലേക്കല്ല , നേരെ ബീച്ച് പോലീസ് സ്റ്റേഷനിലേക്കാണ്.
മൂന്ന് പേരും സ്റ്റേഷനിലെത്തി. സബ്-ഇന്‍സ്പെക്ടറുടെ മുറിയിലേക്ക് പോയി.

"ഓ , ഇവന്മാര്‍ ഇനി ചായ കുടിപ്പിചിട്ടേ നമ്മളെ വിടത്തുള്ളൂ"- വിപിന്‍ പറഞ്ഞു.

പക്ഷേ ഒരഞ്ചു മിനിട്ട് കൊണ്ടു രംഗം മാറി. ഇപ്പോള്‍ ഏതോ കള്ളന്മാരാണെന്ന രീതിയിലാണ്‌ പെരുമാറ്റം.


"തിരിച്ചറിയല്‍ രേഖകള്‍ വല്ലതുമുണ്ടോ"- സബ്-ഇന്‍സ്പെക്ടര്‍ ചോദിച്ചു.

മൂന്ന് പേരുടെ കയ്യില്‍ യാതൊരു രേഖയുമില്ല.

ഞങ്ങള്‍ ഐ. ഐ. റ്റി വിദ്ധ്യാര്‍ദ്ധികളാണെന്നും രാത്രി ചുമ്മാ വന്നതാണെന്നും വിപിന്‍ പറഞ്ഞു.


"എന്താ തെളിവ്"- സബ്-ഇന്‍സ്പെക്ടര്‍ ചോദിച്ചു.

ഞാന്‍ പുറം തിരിഞ്ഞു നിന്ന് എന്‍റെ ടീ ഷര്‍ട്ടില്‍ ഐ. ഐ. റ്റി എന്നെഴിതിയത് കാണിച്ചു കൊടുത്തു.

"അതൊന്നും പറ്റില്ല, പ്രൊഫസ്സറുടെ ഫോണ്‍ നമ്പര്‍ വല്ലതുമുണ്ടോ, ഞാനൊന്നു ഉറപ്പു വരുത്തട്ടെ "- സബ്-ഇന്‍സ്പെക്ടര്‍ മുഖം കടുപ്പിച്ചു.

മൂന്ന് പേരും മുഖാമുഖം നോക്കി.

"സുജിത്തേ, നീ മൊബൈലില്‍ നിന്ന് നമ്പര്‍ പറഞ്ഞു കൊടുത്തേ"- വിപിന്‍ പറഞ്ഞു.

"ഞാന്‍ ഫോണ്‍ എടുത്തില്ല" - മറുപടി കൊടുത്തു.


"ഫോണ്‍ എടുത്തൂടാരുന്നോ?"- വിപിന്‍ ചൂടായി.

എടുത്ത ഫോണ്‍ തിരിച്ചു വപ്പിച്ച ആളാണ് ഇപ്പോള്‍ ഇത് പറയുന്നത്.

മൂനുപെര്‍ക്കും ഒരു പ്രൊഫസ്സറുടേയും ഐ. ഐ. റ്റി - യില്‍ പഠിക്കുന്നവരുടെയും ഫോണ്‍ നമ്പര്‍ കാണാതെ അറിയില്ല.

"Excuse me sir, actually what happens"എന്ന് വിപിന്‍ പറഞ്ഞതും പടക്കം പൊട്ടുന്നത് പോലൊരു ശബ്ദം കേട്ടു, ആദ്യത്തെ അടി കിട്ടി.


ഇതോടെ രംഗം ചൂടായി. മൂന്നുപേരുടെ മുഖത്തെ അവസാനത്തുള്ളി ചോരയും വറ്റി.

"വസ്ത്രമൂരി വച്ച് അവിടെ പോയിരിയെടാ" - സബ്-ഇന്‍സ്പെക്ടര്‍ ചൂടായി.

മനസ്സില്ലാ മനസ്സോടെ മൂന്നുപേരും വസ്ത്രമൂരി വച്ച് ജയിലിന്‍റെ ഒരു മൂലയ്ക്ക് ഇരിപ്പായി.



പുതിയ കൂട്ടുകാരെ കാണാനെന്നവണ്ണം  ജയിലിനുള്ളിലെ തടവുകാര്‍ എത്തിനോട്ടം തുടങ്ങി.

ഇനി ജയില്‍ ഒന്ന് പറയട്ടെ, ചെന്നയിലെ അഴുക്കു ചാല ജയിലിനുള്ളില്‍ കൂടെയാണോ ഒഴുകുന്നത്‌ എന്ന് തോന്നും അത് കണ്ടാല്‍. അഴുക്കു ചാല്‍ എത്രയോ ഭേദം. കൊച്ചിയിലെ കൊതുകാണ് കടുപ്പമെന്നു പറയുന്നവര്‍ മറീന ബീച്ച് പോലീസ് സ്റ്റേഷന്‍ ഒന്ന് കണ്ടുനോക്കണം. അത്ര വലിയ കൊതുകിനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. അന്നത്തെ കൊതുകടിയുടെ വേദന ഇന്നുമെന്‍റെ മനസ്സിലുണ്ട്.

 മൂന്നുപേരും ഇരിക്കുകയാണ്- ഇനി എന്ത് ചെയ്യണം എന്നലോചിച്ചുക്കൊണ്ട് ?

 ഇതിനിടയില്‍ കിട്ടാത്ത പെറ്റിക്കേസുകള്‍  ഞങ്ങളുടെ പേരില്‍ ആക്കാന്‍ അവര്‍ ശ്രമം തുടങ്ങി.
"എന്‍റെ ഭാര്യ അറിഞ്ഞാല്‍ എന്താകും"- എന്നതായി റോബിന്‍ ചേട്ടന്റെ വിഷമം.
ഇത് ഐ. ഐ. റ്റി - യിലും വീട്ടിലുമൊക്കെ അറിഞ്ഞലുള്ള അവസ്ഥയെക്കുറിച്ച് മൂന്നുപേരും പതുക്കെ സംസാരിച്ചു.

    ഇതിനിടയില്‍ സബ്-ഇന്‍സ്പെക്ടര്‍ സ്ഥലം വിട്ടു. പുള്ളി കനിഞ്ഞാല്‍ മാത്രമേ പോകാന്‍ പറ്റുള്ളൂ, ഇനി സബ്-ഇന്‍സ്പെക്ടര്‍   എപ്പോള്‍ വരുമെന്ന് ഒരു പോലീസുകാരനോട് ചോദിച്ചപ്പോള്‍ കിട്ടിയ  മറുപടി എരിതീയില്‍ എണ്ണ ഒഴിക്കുന്നതായിരുന്നു.


" ആര്‍ക്കറിയാം, വന്നാ വന്നു. ഇനി സര്‍ വരാതെ നിങ്ങള്ക്ക് പോകാന്‍ പറ്റില്ല, നാളെ ഉച്ചയോടെ വന്നാല്‍ നിങ്ങളുടെ ഭാഗ്യം !!!"
  എന്ത് ചെയ്യും?
   ആരെയെങ്കിലും വിളിക്കാമെന്ന് വെച്ചാല്‍ ഫോണുമില്ല നമ്പറും ഇല്ല.

      സമയം ആറു കഴിഞ്ഞു, ഏഴു കഴിഞ്ഞു...... അങ്ങനെ പോകുന്നു.

ഏതോ ഭാഗ്യത്തിന്  പോലീസ് സ്റ്റേഷനില്‍ ചായ കൊടുക്കുന്ന ആള്‍ മലയാളി ആയിരുന്നു. രാവിലെ പുള്ളി ചായ കൊണ്ട് വന്നപ്പോള്‍
"നിങ്ങളുടെ കുറെ ആള്‍ക്കാരെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്"- എന്ന് പറഞ്ഞു ഒരു പോലീസുകാരന്‍ ഞങ്ങളെ കാണിച്ചു കൊടുത്തു.
 എതവനാണ് മലയാളികളുടെ വില കളയാം വന്നേക്കുന്നത് " എന്ന മട്ടില്‍ ചായക്കടക്കാരന്‍ ഞങ്ങളെ നോക്കി.


ഞങ്ങള്‍ സത്യാവസ്ഥ മുഴുവന്‍ തുറന്നു പറഞ്ഞു.

ഭാഗ്യത്തിന് സബ്-ഇന്‍സ്പെക്ടര്‍ അന്നേരം തിരിച്ചു വന്നതുകൊണ്ട് പുള്ളി ഇടപെട്ടു പ്രശ്നം ഒഴിവാക്കി. അങ്ങനെ എട്ടു മണിയോടെ ഞങ്ങളുടെ ജയില്‍ ജീവിതം അവസാനിച്ചു.
      പുള്ളിക്കാരന് നൂറു നന്ദി പറഞ്ഞുകൊണ്ട് ഓട്ടോയും പിടിച്ചു ഹോസ്റ്റലില്‍ എത്തി.ഈ സംഭവം ആരോടും പറയരുതെന്ന് ഞങ്ങള്‍ തീരുമാനമെടുത്തു.  ഷിന്‍റ്റോ-യുടെ മുറിയില്‍ ചെന്ന് കാശ് മേടിച്ചു ഓട്ടോക്കാരനെ യാത്രയാക്കി.

"നിങ്ങള്‍ എവിടെ പോയിരുന്നു"- ഷിന്‍റ്റോ ചോദിച്ചു.

" അതെ, വിപിന്‍റെ കണ്ണിനൊരു പ്രശ്നം, അത് നേരെയാക്കാന്‍ പോയതാ"- റോബിന്‍ പറഞ്ഞു.


"ഇത്ര നേരത്തെയോ"- ഷിന്‍റ്റോ ചോദിച്ചു.

" ആ, രാത്രിതന്നെ ശരിയാക്കാമെന്ന് വെച്ചു, ഇപ്പോള്‍ ശരിക്കും കാണാം "- റോബിന്‍ മറുപടി നല്‍കി.
 ഇവന്മാര്‍ എന്താണ് പറയുന്നത് എന്ന് ആലോചിച്ചു കണ്ണുമിഴിച്ചു ഷിന്‍റ്റോ നിന്നു. ഉറക്കം മൂലം മൂന്നുപേരും അവരവരുടെ മുറികളിലെക്കും. 

 
24. സ്മാര്‍ട്ട്‌ ആയവര്‍ക്ക് വേണ്ടി

ഐ. ഐ. റ്റി ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ്  അസൈന്‍മെന്റ് (Assignment). ചില കണക്കുകള്‍ ഹോം വര്‍ക്ക്‌ തരും- എഴുതി വക്കുക അത്ര തന്നെ. ഓരോരുത്തരും സ്വന്തമായി ചെയ്യണമെന്നാണ് പറച്ചില്‍, പക്ഷെ നടക്കുന്നത് ഒരാള്‍ ചെയ്യുകയും മറ്റുള്ളവര്‍ സ്വന്തമായി പകര്‍ത്തുകയുമാണ്. ഈ  അസൈന്‍മെന്റിന് മാര്‍ക്കിടുന്നത്‌ പലപ്പോഴും PHD വിദ്ധ്യാര്‍ദ്ധികള്‍ ആയിരിക്കും.

     രണ്ടാം വര്‍ഷത്തെ ഒരു വിഷയം പഠിപ്പിക്കുന്ന അധ്യാപകന്‍ നല്ലതായിരുന്നെങ്കിലും  അസൈന്‍മെന്റിന് മാര്‍ക്കിടുന്ന PHD വിദ്ധ്യാര്‍ദ്ധി അല്പം മുരടനായിരുന്നു. വിദ്ധ്യാര്‍ദ്ധികളുടെ മേലില്‍ കുതിരകയരുക എന്നുള്ളതാണ് പുള്ളിയുടെ ഹോബി. അധ്യാപകനെക്കാള്‍ വലിയ ആള്‍ ഞാനാണ്‌ എന്നാ രീതിയിലാണ്‌ പുള്ളിയുടെ നടപ്പും ഭാവവും. ഞങ്ങള്‍ക്ക് ഇതില്‍ അരിശമുണ്ടെങ്കിലും അധ്യാപകനെ ഓര്‍ത്തു ഒന്നും മിണ്ടാറില്ല - എല്ലാം സഹിച്ചു. 

    ആദ്യത്തെ അസൈന്മെന്റില്‍ അക്ഷരതെറ്റുകള്‍ തിരഞ്ഞു പിടിച്ചു കണ്ടുപിടിച്ചു വെട്ടി മാര്‍ക്ക്  കുറച്ചാണ്  ഞങ്ങള്‍ക്ക് കിട്ടിയത്. പത്തന്‍പത് പേരുള്ള ക്ലാസ്സാണ്. ഇത്ര സമയമെടുത്ത്‌ ഇത് ചെയ്യുന്നത് എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. പക്ഷെ ഏഴെട്ടു വര്‍ഷമായിട്ടും വിദ്ധ്യാര്‍ദ്ധി എന്നാ ലേബലില്‍ പുള്ളി ഐ. ഐ. റ്റി - യില്‍ ഉണ്ട്.

       രണ്ടാമത്തെ അസൈന്‍മെന്റ് ഞാന്‍ സബ്മിറ്റ്‌ ചെയ്യാന്‍ അഞ്ചു മിനിട്ട് വൈകിപ്പോയി. ഒന്‍പതു മണിക്കായിരുന്നു സബ്മിറ്റ്‌ ‌ ചെയ്യാന്‍ പറഞ്ഞത്. ഞാന്‍ പുള്ളിയുടെ മുറിയില്‍ എത്തിയപ്പോള്‍ അഞ്ചു മിനിട്ട് വൈകി.

"എന്താണ് ?"- എന്നെ കണ്ടപാടെ ചോദിച്ചു.

"അസൈന്‍മെന്റ് സബ്മിറ്റ്‌ ചെയ്യാന്‍ " - ഞാന്‍ വിനീതനായി പറഞ്ഞു.

"സമയം കഴിഞ്ഞു, ഇനി സ്വികരിക്കില്ല, പൊക്കോളൂ"- പുള്ളി സ്വരം കടുപ്പിച്ചു.

 ഞാന്‍ നോക്കിയപ്പോള്‍  കുറെ അസൈന്മെന്റുകള്‍ പുള്ളിയുടെ മേശയുടെ മുകളില്‍  ഇരിപ്പുണ്ട്. ഒന്ന് സ്മാര്‍ട്ട്‌ ആകാന്‍ തീരുമാനിച്ചു. നേരെ ആ അസൈന്മെന്റുകളുടെ മധ്യത്തിലായി എന്‍റെ അസൈന്‍മെന്റ് വച്ചു.

"ഇപ്പോള്‍ നേരത്തെ സബ്മിറ്റ്‌ ചെയ്തതായി ആയില്ലേ"- ഞാന്‍ പറഞ്ഞു.

പുള്ളിക്ക് എന്‍റെ പേരറിയില്ല എന്നാ ആത്മവിശ്വാസത്തിലാണ് ഇത് ചെയ്തത്. എന്നോടാ പണി!!!, ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ഞാന്‍ പുള്ളിയെ നോക്കി. ഒരു വിജയിയെ പോലെ ഞാന്‍ നിന്നു.

വിജയശ്രീ ലാളിതനായി ഞാന്‍ തിരിച്ചു വന്നപ്പോള്‍ പുള്ളി വിളിച്ചു. "മോനെ, അത് വേറെ ക്ലാസ്സിലെ  അസൈന്‍മെന്റ് ഞാന്‍ മാര്ക്കിട്ടു  വച്ചിരിക്കുന്നതാണ്, അതില്‍ നിന്നു നീ വച്ചത് കണ്ടുപിടിക്കാന്‍ എനിക്ക് യാതൊരു പ്രയാസമില്ല "- പുള്ളി പറഞ്ഞു.

 സ്മാര്‍ട്ടാകാന്‍  ശ്രമിച്ചതാണ്, പക്ഷെ ഓവര്‍ സ്മാര്‍ട്ടായി

    ഇനിയെന്ത് ചെയ്യും എന്ന മട്ടില്‍ ഞാന്‍ ദയനീയമായി പുള്ളിയെ നോക്കി, ഒന്നും ചെയ്യാനില്ല, ഇറങ്ങിപ്പോവുക തന്നെ .........