Saturday, 5 February 2011

IIT incidents - Part 11

30. ഒരു ചെറിയ തോല്‍വി

കമ്പ്യൂട്ടര്‍ ലാബില്‍ ഒരു പണിയുമില്ലാതെ അലസമായി ഇന്റര്‍നെറ്റ്‌ പരതികൊണ്ടിരിക്കുമ്പോഴാണ് ജൂനിയര്‍ വിദ്യാര്ധികളായ മിഥുന്‍ ജാക്ക്, നവീന്‍ തോമസ്‌, റാഷിദ്‌ ബഷീര്‍ എന്നിവരുടെ വരവ്.

" ചേട്ടാ, റാഷിദിന്റെ വീടിനടുത്തുള്ള (മലബാര്‍ മേഖലയില്‍ )
എഞ്ചിനീയറിങ്ങ് കോളേജിലെ ഡിപ്പാര്ട്ട്മെന്റ് ഫെസ്റിവലിന്റെ ഭാഗമായി ഒരു ബ്രിഡ്ജ് രൂപകല്‍പന മത്സരം നടത്തുന്നു, നമുക്ക് പോയാലോ?' - നവീന്‍ കണ്ടപാടെ ചോദിച്ചു.

ഉടനെ നെറ്റില്‍ പരത്തി മത്സരത്തിന്റെ വിശദവിവരങ്ങള്‍ തിരഞ്ഞു. ഐസ് ക്രീം സ്റ്റിക്കും ഫെവിക്കോളും കൊണ്ട് അര മിറ്റര്‍ നീളമുള്ള ഒരു ബ്രിഡ്ജ് തയാറാക്കുക. ഉഗ്രന്‍ പ്രതിഭല തുകയും. ഉടനെ തന്നെ മത്സരത്തിനു പോകാനുള്ള തീരുമാനം എല്ലാരും കൈയടിച്ചു പാസ്സാക്കി.

ഓരോരുത്തര്‍ ഓരോ ജോലികള്‍ ഏറ്റെടുത്തു. നെറ്റില്‍ പരതി പലതരം ബ്രിഡ്ജ് മോഡലുകള്‍ , കഴിഞ്ഞ വര്‍ഷത്തെ മത്സരത്തിന്റെ വിശദാംശങ്ങള്‍ കണ്ടുപിടിക്കുക എന്നത് റാഷിദ്‌ ബഷീറിന്. അധ്യാപകരെ കണ്ടു വല്ല വിവരങ്ങളും കിട്ടുമോ എന്ന് നോക്കുന്നത് മിഥുന്‍ ജാക്ക്. ലൈബ്രറിയില്‍ നിന്ന് ബ്രിഡ്ജ് പുസ്തകങ്ങള്‍ കണ്ടുപിടിക്കുക, ബ്രിഡ്ജ് മോഡലിംഗ് സോഫ്റ്റ്‌ വെയറില്‍ മോഡലിംഗ് നടത്തുക എന്നത് എനിക്കും നവീന്‍ തോമസ്സിനും.

ഞാനും നവീന്‍ തോമസ്സും ലൈബ്രറിയിലേക്ക് വിട്ടു. ഐ. ഐ. റ്റി -യില്‍ ചേര്‍ന്നപ്പോളും വര്‍ഷാവര്‍ഷം ലൈബ്രറി കാര്‍ഡ്‌ പുതുക്കനുമാല്ലാതെ ഞാന്‍ ലൈബ്രറിയില്‍ കയിറിയിട്ടില്ല. പറഞ്ഞു വന്നപ്പോള്‍ നവീനും അതെ അവസ്ഥയാണ്‌. കുറെ തിരച്ചിലിന് ശേഷം ഞങ്ങള്‍ക്ക് ചില തടിച്ച പുസ്തകങ്ങള്‍ കിട്ടി.

അന്ന് വൈകിട്ട് നാലു പേരും കിട്ടിയ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനായി റാഷിദിന്റെ മുറിയില്‍ ഒത്തുകൂടി. സമ്മാനത്തുക മനസ്സില്‍ ഉള്ളത് കൊണ്ടാകാം പരിക്ഷക്കൊന്നുമില്ലാത്ത അത്മാര്തഥയാണ് എല്ലാര്ക്കും. ചര്‍ച്ചയിലൂടെ ചില മോഡലുകള്‍ തിരഞ്ഞെടുത്തു, ബ്രിഡ്ജ് മോഡലിംഗ് സോഫ്റ്റ്‌വെയറില്‍ (software) മോഡലിംഗ് തുടങ്ങി. കഴിഞ്ഞ വര്ഷം ഇരുപത്തി അഞ്ചു കിലോ എടുത്ത ബ്രിഡ്ജ് ആണ് സമ്മാനത്തിനു അര്‍ഹമായത് എന്ന് റാഷിദ്‌ അറിയിച്ചു.
" നമ്മള്‍ അമ്പതു കിലോ ഭാരം താങ്ങാവുന്ന ബ്രിഡ്ജ് തയാറാക്കും"- നവീന്റെ അഭിപ്രായത്തെ എല്ലാരും പിന്താങ്ങി.

ഈ ചര്‍ച്ചകളും മോഡലിംങ്ങും നടന്നുകൊണ്ടിരിക്കുമ്പോഴാണ് വരാന്ത വഴി കിരണ്‍ മദന്‍ നടന്നു വരുന്നത് മിഥുന്‍ ജാക്ക് ശ്രദ്ധിച്ചത്. കിരണ്‍ മദന്‍, അശ്വിന്‍, ജിജി ജോര്‍ജ് തുടങ്ങിയവര്‍ ഇതേ മത്സരത്തിനു പങ്കെടുക്കാന്‍ പദ്ധതിയിടുന്നതായി ഞങ്ങള്‍ അറിഞ്ഞിരുന്നു. അവന്‍ ഞങ്ങളുടെ വല്ല വിവരങ്ങളും ചോര്‍ത്തുമോ എന്ന് ഭയന്ന്, പുസ്തകങ്ങളെല്ലാം മേശമേല്‍ തിരുകി, ലാപ്ടോപ് മടക്കി ബാഗില്‍ വച്ച് ഒന്നുമറിയാത്തവരെ പോലെ നാലു പേരും ഇരുന്നു.

കിരണ്‍ മദന്‍ കടന്നു വന്നു ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചു, എന്തോ കുതന്ത്രങ്ങള്‍ ഇവന്മാര്‍ പദ്ധടിയിടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു സ്ഥലം വിട്ടു.

അന്നു രാത്രി തന്നെ ഒരു ബ്രിഡ്ജ് മോഡല്‍ തീരുമാനിച്ചു. സോഫ്റ്റ്‌ വെയറില്‍ അത് 65 കിലോ ഭാരം താങ്ങുന്നുണ്ട്. അതിനാല്‍ അത് നിര്‍മിച്ചാല്‍ എന്തായാലും ഒരു 50 കിലോ താങ്ങുമെന്ന് എല്ലാവരും ഉറപിച്ചു.

മത്സരത്തിന്റെ തലേന്ന് നാലുപേരും റാഷിദിന്റെ വീട്ടില്‍ താമസിച്ചു, പിറ്റേന്ന് റാഷിദിന്റെ കസിന്റെ ഫോര്‍ഡ് കാറില്‍ കോളേജിലേക്ക് തിരിച്ചു. മിഥുന്‍ ജാക്ക് ആണ് വണ്ടി ഓടിക്കുന്നത്. കോളേജിലെ സെക്യൂരിറ്റി കാര്‍ തടഞ്ഞപ്പോള്‍ ജാക്ക് ആഷ് പോശായി ഇംഗ്ലീഷില്‍ ചിലത് പറഞ്ഞിട്ട് ഐ. ഐ. റ്റി -യുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ചു. (പാവം സെക്യൂരിറ്റികള്‍ , ജാക്ക് പറഞ്ഞതൊന്നും മനസ്സിലായില്ല എന്നത് മുഖ ഭാവം കണ്ടാല്‍ അറിയാം). ഏതോ വലിയ ആള്‍ക്കാരാണ് കാറില്‍ എന്ന് വിചാരിച്ചു സെക്യൂരിറ്റികള്‍ VIP കാര്‍ പാര്‍ക്കിംഗ് ഏറിയായില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ അനുവദിച്ചു.

നാലുപേരും ടീം രജിസ്റ്റര്‍ ചെയ്യാനായി മത്സരം നടക്കുന്ന ഹാളിലെത്തി, രജിസ്റ്റര്‍ കൌണ്ടറിലേക്ക് (counter) നീങ്ങി. ഐ. ഐ. റ്റി വിദ്യാര്ധികളാണ് എന്ന് കേട്ടപ്പോള്‍ സംഘാടകര്‍ക്ക് ഞെട്ടലും ആഹ്ലാദവും, അന്നേരമാണ് ബ്രിഡ്ജ് ടെസ്റ്റ്‌ ചെയ്യുന്നതിനായി പല കിലോയുടെ ഗുണിതങ്ങളായി 25 കിലോ കട്ടികള്‍ നവീന്റെ ശ്രദ്ധയില്‍ പെട്ടത്. 


" ഇത് ഇരുപത്തി അഞ്ചു കിലോക്കുള്ള കട്ടികളെ ഉള്ളല്ലോ. ബ്രിഡ്ജ് ഇതില്‍ കൂടുതല്‍ ഭാരം താങ്ങുമെന്നു വന്നാല്‍ എന്താകും, ഞങ്ങളുടേത് 50 കിലോക്ക് മുകളില്‍ പോകും.
ഇത് കേട്ടപ്പോള്‍ കണ്ണുതള്ളിയ സംഘാടകരുടെ മുഖം എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കും.

അന്ധാളിപ്പ് മറച്ചുവേയ്ക്കുന്നതിനായി സംഘാടകരില്‍ ഒരാള്‍ പറഞ്ഞു- " ഇരുപത്തി അഞ്ചു കിലോക്കുള്ള കട്ടികള്‍ എടുക്കാന്‍ ആളു പോയിട്ടുണ്ട്, ഇത് കുറച്ചു മാത്രം" ( ആ പറയുന്നത് കേട്ടാലറിയാം നുണ ആണെന്ന്)

അങ്ങനെ മത്സരം അരംഭിക്കാനുള്ള സമയമായി. മത്സരത്തിനെ നിയമവശങ്ങള്‍ ഒരു പെണ്‍കുട്ടി മൈക്കില്‍ സംസാരിക്കുമ്പോഴാണ് ഒരു കമന്റ്‌. " Excuse me, can you speak in English, i cant understand Malayalam "- പറഞ്ഞത് മറ്റാരുമല്ല, ഞങ്ങളില്‍ ഒരാളായ മിഥുന്‍ ജാക്ക് (  കലപിലാന്നു മലയാളം പറയുന്നവനാണ് ഇപ്പോള്‍ മലയാളം അറിയാത്തത്, ദൈവമേ എന്തൊക്കെ കാണണം) .

ഇത് കേട്ടപ്പോള്‍ പെണ്‍കുട്ടി ഒരു നിമിഷത്തേക്ക് തരിച്ചുപോയി. സംഘാടകരില്‍ ഒരാള്‍ ഓടിച്ചെന്നു പെണ്‍കുട്ടിയോട് എന്തോ പറഞ്ഞു.


പെണ്‍കുട്ടി വീണ്ടും വാചാലയായി- " we have students from IIT Madras also, This shows the strength of our competition"

ഇപ്പോള്‍ ഹാളില്‍ ഉള്ളവരുടെ മുഴവന്‍ കണ്ണുകളും മിഥുന്‍ ജാക്കിലേക്ക്  തിരിഞ്ഞു. താനാണ്  അത് പറഞ്ഞത്‌ എന്ന് കാണിക്കാനായി മിഥുന്‍ അല്പന്‍ ഞെളിഞ്ഞു നെഞ്ച് വിരിച്ചു ഉള്ള മസിലും പിടിച്ചു ഇരുന്നു. എന്തിഞ്ഞു മിഥുനെ മാത്രം പറയുന്നു, ഞങ്ങള്‍ നാലുപേരും ഉള്ള മസ്സിലും  പിടിച്ചു ഇരിപ്പായി.


പിന്നീടുള്ള മത്സരത്തിനെ വിശദാംശങ്ങള്‍ ഇംഗ്ലീഷില്‍ ആയി. മറ്റാരെങ്കിലും ഞങ്ങളുടെ ബ്രിഡ്ജ് മോഡല്‍ കോപ്പി അടിക്കുമോ എന്ന് ഭയന്ന് ഹാളിലെ ഒരു മൂലയ്ക്ക് എല്ലാവരിലും നിന്നകന്നാണ് ഞങ്ങള്‍ ബ്രിഡ്ജ് നിര്‍മാണം തുടങ്ങിയത്.

മത്സരം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചില പ്രശ്നങ്ങള്‍ . കമാന (ആര്‍ച്) ആകൃതിയിലുള്ള ബ്രിഡ്ജാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്, പക്ഷെ പ്രതിക്ഷിച്ചത് പോലെ ഐസ് ക്രീം സ്റ്റിക്കും ഫെവിക്കോളും കൊണ്ട് നിര്‍മാണം നടക്കുന്നില്ല, ചെയ്യുന്നത് പെട്ടന്ന് തെന്നി വീഴുകയാണ്. എന്നാലും ഉണങ്ങുമ്പോള്‍ ശക്തി കൂടും എന്ന് വിചാരിച്ചു നിര്‍മാണം മുന്നോട്ടു നീങ്ങി.

പക്ഷെ രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി " ഇത് നടക്കാന്‍ പോകുന്നില്ല". സംഗതി വഷളാകുന്നത് കണ്ടി മിഥുന്‍ ജാക്ക് സ്ഥലം വിട്ടു, എന്നാല്‍ ബാക്കി മൂന്നു പേരും അത്മ വിശ്വാസത്തോടെ മുന്നോട്ടു നീങ്ങി.

മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മത്സരം അവസാനിച്ചു. സംഘാടകര്‍ ഓരോ ടീമുകളുടെ ബ്രിഡ്ജിന് താങ്ങാന്‍ കഴിയുന്ന ഭാരം അളക്കാന്‍ തുടങ്ങി, അവസാനമാണ് ഞങ്ങളുടേത് ടെസ്റ്റ്‌ ചെയ്യാന്‍ തുടങ്ങിയത്. അത് വരെ 16 കിലോ ഭാരം എടുത്ത ബ്രിഡ്ജ് ആണ് മുന്പിട്ടു നിന്നത്.

ടെസ്റ്റിംഗ് തുടങ്ങാനായി ഒരു കിലോയുടെ കട്ടി വച്ചതും ബ്രിഡ്ജ് പൊളിഞ്ഞതും ഒരുമിച്ചായിരുന്നു. വല്യ പ്രതിക്ഷകളോടെ 50 കിലോ ഭാരം താങ്ങുമെന്ന് പറഞ്ഞ ബ്രിഡ്ജിനു ഒരു കിലോ പോലും എടുക്കാന്‍ ശേഷിയില്ല.

ബ്രിഡ്ജ് പൊളിഞ്ഞു നാണം കേട്ട് നില്‍ക്കവേ സംഘാടകരില്‍ ഒരാള്‍ പറഞ്ഞു - " ഐ. ഐ. റ്റി വിദ്യാര്ധികള്‍ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തൊക്കെയോ പ്രതിക്ഷിച്ചു. ഒരു കിലോ പോലും എടുക്കാന്‍ കഴിയാത്ത ബ്രിഡ്ജ് ആണ് തയ്യാറാക്കുന്നത് എന്ന് ഞങ്ങള്‍ പ്രതിക്ഷിച്ചില്ല". അവര്‍ ശവത്തില്‍ അവസാനത്തെ അണിയും അടിച്ചു.


ഈ ബ്രിഡ്ജ് നിര്‍മാണ കഥ കിരണ്‍ മദന്‍ എങ്ങനെയോ അറിഞ്ഞു ഹോസ്റ്റലിലും സഹാപാഠികള്‍ക്കും മെയില്‍ അയച്ചു അവനും അവന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു


തുടരും .....(അടുത്ത ഞായറാഴ്ച (13/1/2011)

വരാന്‍ പോകുന്ന സംഭവങ്ങള്‍ 


 
" കിരണ്‍ സി ജെ -യും ഞാനും ചില സുന്ദരിമാരും   "
 

'ചില സാരംഗ് കാഴ്ചകള്‍''

Monday, 3 January 2011

IIT incidents - Part 10

29. രഞ്ജിത്തും  TCS സുന്ദരിയും 

ഒരുനാള്‍ ഞാനും കിരണും അരുണ്‍ ലാലും ഡിപ്പാര്ട്ട്മെന്റ് -ഇലെ കമ്പ്യൂട്ടര്‍ ലാബില്‍ നില്‍ക്കുമ്പോളാണ് ഒരു മൂളി പാട്ടും പാടികൊണ്ട് രഞ്ജിത്തിന്റെ വരവ്. എന്താണെന്നറിഞ്ഞുകൂടാ നാട്ടില്‍ പോയി വന്നതിനു ശേഷം രഞ്ജിത്ത് അകെ സന്തോഷവാനാണ്, എന്താണ് കാര്യം എന്ന് ഞങ്ങള്‍ പലപ്പോഴും ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു അവന്‍ ഒഴിഞ്ഞു മാറിയിരുന്നു.

"എന്താടെ ഇത്ര വലിയ സന്തോഷം, വല്ല ലോട്ടറിയുമാടിച്ചോ ?" - കിരണ്‍ ചോദിച്ചു.

ഞങ്ങളെ മൂന്ന് പേരെ ഒന്ന് നോക്കിയതിനു ശേഷം രഞ്ജിത് പറഞ്ഞു " ലോട്ടറിയൊന്നും അടിച്ചില്ല, പക്ഷെ ഉടനെ അടിക്കും"
" എന്താണെടെ കാര്യം തെളിച്ചു പറയു" - കിരണ്‍ വീണ്ടും പറഞ്ഞു.

"ഞാന്‍ കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോള്‍ ട്രെയിന്‍ യാത്രക്കിടയില്‍ വച്ചൊരു പെണ്‍കുട്ടിയെ കണ്ടു, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമയി, ഇപ്പോള്‍ പ്രണയിതാക്കളുമായി"- രഞ്ജിത് പറഞ്ഞു

"ഒന്ന് പോടെ പുളുവടിക്കാതെ , ഞങ്ങളും ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്, പലരെയും കണ്ടിട്ടുണ്ട് , വല്ല വിശ്വസിക്കാവുന്ന നുണയും പറയു" - കിരണ്‍ മറുപടി കൊടുത്തു.

"ഞാന്‍ ഇരുപത്തിനാല് വര്‍ഷമായി ശ്രമിച്ചു കൊണ്ടിരിക്കുവാണ്, ഒരാളെയും ഒരു സുഹൃത്ത്‌ ബന്ധത്തിനപ്പുറം കൊണ്ടുപോകാന്‍ എനിക്ക് സാധിച്ചിട്ടില്ല, പിന്നല്ലേ നീ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ ' - അരുണ്‍ ലാലും ആഞ്ഞടിച്ചു.

' നിങ്ങള്‍ വിശ്വസിക്കുന്നിലെങ്കില്‍ വേണ്ട, ഫോട്ടോ വേണമെങ്കില്‍ കാണിച്ചു തരാം ' എന്ന് പറഞ്ഞു കൊണ്ട് കമ്പ്യൂട്ടര്‍ തുറന്നു രഞ്ജിത് പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു തന്നു.
 ഫോട്ടോ കണ്ടപ്പോള്‍ ഞങ്ങള്‍ മൂന്നുപേരും മുഖത്തോടു മുഖം നോക്കി. - സുന്ദരിയായ ഒരു പെണ്‍കുട്ടി!!!!.

 TCS എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ജോലിയെന്നും പേരും വിവരങ്ങളും ഞങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.
ഉടനെ തന്നെ ഫേസ് ബുക്കിലും  ഓര്‍ക്കുട്ടിലും ഞങ്ങള്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ പരിശോദിച്ചു. സംഗതി സത്യമാണ്- മധ്യ തിരുവതാംകൂറിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠനം  കഴിഞ്ഞു മണപ്പാക്കത്തുള്ള  TCS ഓഫീസിലാണ് ജോലി ചെയ്യുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കി.

 ഇത് ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ രഞ്ജിത്തിന്റെ ഫോണ്‍ റിംഗ് ചെയ്യുകയും ഈ പെണ്‍കുട്ടിയാണ് വിളിക്കുന്നത്‌ എന്ന് കാണിച്ചു തരികയും ചെയ്തു.

"നമ്പര്‍ കൊടുത്തത്  അബദ്ധം ആയെന്നാ  തോന്നുന്നത്, ഇപ്പോള്‍ ഇപ്പോഴും വിളിയാണ് , പ്രൊജക്റ്റ്‌ വര്‍ക്ക്‌ ഇഷ്ടം പോലെ ചെയ്യാനുണ്ട്' എന്ന് ആത്മഗതം നടത്തികൊണ്ട് രഞ്ജിത് കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് ഇറങ്ങിപ്പോയി.

   ഇനി രഞ്ജിത് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഞങ്ങളെ പറ്റിക്കുകയാണോ എന്ന സംശയം ദൂരികരിക്കാനായി അരുണ്‍ ലാല്‍ തന്റെ മണപ്പാക്കത്തുള്ള TCS ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു. സംഗതി സത്യമാണ്.
 ഒരഞ്ചു മിനിട്ടിനു ശേഷം രഞ്ജിത് ലാബില്‍ തിരിച്ചെത്തി.

" നാളെ ബസന്ത് നഗര്‍ ബീച്ചില്‍ ചെല്ലാമോ എന്ന് ചോദിച്ചിരിക്കുന്നു , ഞാനാകെ തിരക്കിലാണ്, എന്ത് ചെയ്യും " - രഞ്ജിത് ഞങ്ങളോട് ചോദിച്ചു  
 (പക്ഷേ ഈ ചോദിക്കലിന്റെ പ്രധാന ഉദ്ദേശം ഞങ്ങളുടെ മുന്നില്‍ ആളാകുക എന്നുള്ളതാണ്)

 ഈ ഫോണ്‍ വിളി പിന്നീടുള്ള പല ദിവസങ്ങളിലും തുടര്‍ന്ന് കൊണ്ടിരുന്നു . ആദ്യമാദ്യം കമ്പ്യൂട്ടര്‍ ലാബില്‍ നിന്ന് വെളിയില്‍ പോയി സംസാരിക്കുന്ന രഞ്ജിത് ഇപ്പോള്‍ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി ലാബിനുള്ളില്‍ തന്നെയാക്കി.

 ഏകദേശം ഒരു മാസത്തിനുശേഷം ഫോണ്‍ വിളി വളരെ കുറഞ്ഞു - ഇല്ലാതായി എന്ന് പറയാം. കാര്യം തിരക്കിയപ്പോഴാണ്‌ കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത് . ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി വിളിച്ചു വീട്ടുകാര്‍ തന്റെ കല്യാണം ഉറപ്പിചെന്നും നമുക്ക് സുഹൃത്തുക്കളായി പിരിയാം എന്നും അറിയിച്ചു,

   അതുവരെ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടിരുന്ന രഞ്ജിത് ഇളിഭ്യനായി ( ഇതിനിടയില്‍ സ്പെന്‍സര്‍ , എക്സ്പ്രസ്സ്‌ അവന്യു തുടങ്ങിയ ഷോപ്പിംഗ്‌ മാളുകളില്‍ പെണ്‍കുട്ടിയുമായി കറങ്ങിയത് മൂലം കുറെ കാശും ചിലവായിരുന്നു)

    ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ മൂന്നു  പേര്‍ക്കും വളരെ സന്തോഷമായി, എന്തായിരുന്നു ഒരു മാസത്തെ ഇവന്റെ ഒരു ജാട, മലപ്പുറം കത്തി , അമ്പും വില്ലും, അവസാനം പവനായി ശവമായി.

 എന്നിരുന്നാലും സന്തോഷം മറച്ചുപിടിച്ചു കൊണ്ട് എല്ലാ നല്ല സുഹൃത്തുക്കളെ പോലെ അവന്റെ വിഷമത്തില്‍ സഹതപിക്കാനും ആശ്വസിപ്പിക്കാനും തുടങ്ങി. മറ്റുള്ളവര്‍ക്ക് ഒരു വിഷമം വരുമ്പോള്‍ തനിക്കു അത് വന്നില്ലല്ലോ എന്ന സന്തോഷമാണല്ലോ സഹതാപം, അത് ഞങ്ങള്‍ അന്ന് വേണ്ടുവോളം ചിലവാക്കി.