Saturday, 27 November 2010

IIT incidents - part 7

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3,IIT incidents part 4,IIT incidents part 5,IIT incidents part 6 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. 


20. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ വിശേഷം.

ഒരുനാള്‍ ക്ലാസ്സു കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ നേരെ പോയത് അന്‍വറിന്‍റെ മുറിയിലേക്കാണ്‌. ഇന്റര്‍നെറ്റില്‍ എന്തോ പരതുകയാണ് കക്ഷി. എന്നെ കണ്ടപാടെ "നീ പ്രിപ്പയര്‍ ചെയ്തോ? " എന്നായി ചോദ്യം. പ്ലേസ്മെന്റും (placement) കഴിഞ്ഞു, ക്ലാസും തീരാറായി, ഇനി എന്ത് പ്രിപ്പയര്‍ ചെയ്യാനാ
"എന്തിന് ?" - ഞാന്‍ ചോദിച്ചു.
"എടാ! ഇന്ന് വൈകിട്ട് GRTഎന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ട്രീറ്റിന് പോകുന്നത് നീ മറന്നോ ?' - അന്‍വര്‍ ചോദിച്ചു.

ശരിയാണ് !! എല്ലാവര്ക്കും ജോലി കിട്ടിയത് ആഘോഷിക്കാനായി ട്രീറ്റിന് പോകാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇരുപതു പേര്‍ക്കായി ബുഫെ പറഞ്ഞിട്ടുണ്ട്. പക്ഷെ അതിനു എന്താണ് പ്രിപ്പയര്‍ ചെയ്യേണ്ടത്- ഞാന്‍ ആലോചിച്ചു.

" എങ്ങനെ കഴിച്ചാല്‍ കൂടുതല്‍ കഴിക്കാം എന്ന് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുവാണ്, ബുഫെയാണെങ്കിലും എഴുന്നൂറു  രൂപ   കൊടുക്കുന്നതല്ലേ, നമ്മള്‍ വ്യക്തമായ പ്ലാനിംഗ് (planning) ഓടെ വേണം കഴിക്കാന്‍ "- അന്‍വര്‍ പറഞ്ഞു.

  ദൈവമേ !! അന്‍വര്‍ ഒരു സംഭവം തന്നെ!!!, ശരിയാണ്, അവന്‍ ഇത് വിശദമായി പഠിച്ചുക്കൊണ്ടിരിക്കുവാണ്  സൂപ്പ് കുടിച്ചു കഴിഞ്ഞു എത്ര മണിക്കൂറിനു ശേഷം ഭക്ഷണം കഴിച്ചു തുടങ്ങണം, ഏത് ആദ്യം കഴിക്കണം എന്നൊക്കെ ..... 

        ഒന്ന് ഹോസ്റ്റലില്‍ ചുറ്റിക്കറങ്ങിയപ്പോള്‍ എല്ലാവരും വൈകിട്ടത്തെ ട്രീറ്റിന്  തയ്യാറെടുക്കുവാണ്. ഉച്ചക്ക് തന്നെ സുചീന്ദ്രന്‍ ജിമ്മില്‍ കസര്‍ത്തിനു പോയി. കസര്‍ത്ത് കഴിഞ്ഞാല്‍ കൂടുതല്‍  ഭക്ഷണം കഴിക്കാം എന്നാണ്  സുചീന്ദ്രന്‍റെ ബുദ്ധിയില്‍ തെളിഞ്ഞത്. എവിടുന്നോ ഇഞ്ചിനീര്‍  സങ്കടിപ്പിച്ചുകൊണ്ട്‌ സ്വരൂപും ഷിനുവും എത്തിയിരിക്കുന്നു.  ഭക്ഷണം കഴിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുപു ഇത് കുടിച്ചാല്‍ കൂടുതല്‍ കഴിക്കാന്‍ പറ്റും പോലും.  ശ്രിനാഥ്, രാമാനന്ദന്‍ തുടങ്ങിയവര്‍ ഉച്ചഭക്ഷണം ഒഴിവാക്കി ട്രീറ്റിന് തയ്യാറെടുക്കുന്നു. ഞാന്‍ ഉച്ചക്ക് ഭക്ഷണവും വൈകിട്ട് ചായയും ലഖുഭക്ഷണവും കഴിച്ചു. അബദ്ധമായോ ആവൊ ? ഞാനും പ്രിപ്പയര്‍ ചെയ്യാന്‍ തീരുമാനിച്ചു. ഗ്രൗണ്ടില്‍ പോയി മൂന്നു നാലു റൗണ്ട് ഓടിയതിനു ശേഷം ഞാനും കൃത്യ സമയത്ത് തന്നെ തയ്യാറായി.

 എല്ലാവരും പോകാന്‍ തയ്യാറായപ്പോള്‍ ഒരാളെ മാത്രം കാണാനില്ല- വിനോദ് ബിനു, റൂമില്‍ ചെന്നപ്പോള്‍ പുള്ളി സുഖമായി ഉറങ്ങുകയാണ്‌, എല്ലാവരും കൂടി വിനോദിനെയും പൊക്കി GRT- യില്ലേക്ക് തിരിച്ചു.

 ബസ്സില്‍ വച്ച് ഞാന്‍ അന്‍വറിനോട് ഒരു സംശയം ചോദിച്ചു- "എടാ നമ്മള്‍ കത്തിയും മുള്ളും ഉപയോഗിക്കേണ്ടി വരുമോ?"

"ഒ ന്ന് കളയെടാ  നിന്‍റെ കപടമാന്യത, നമ്മള്‍ സാധാരണ ആള്‍ക്കാര്‍ കഴിക്കുന്നത്‌ പോലെ കഴിക്കും" -അന്‍വര്‍ പറഞ്ഞു.

  ആശ്വാസമായി!!!. കത്തിയും മുള്ളും ഉപയോഗിക്കേണ്ടി  വരില്ലല്ലോ

 എല്ലാവരും GRT-യില്‍ എത്തി. എല്ലാവരും അവരവരുടെ നിര്‍ദേശങ്ങള്‍ പറഞ്ഞു, വെള്ളം കഴിവതും കുടിക്കരുത്, കാശ് മുതലാക്കാന്‍ മാക്സിമം കഴിക്കുക എന്നൊക്കെ .....

      വിദേശികളും ഉന്നതകുലജാതരായ സ്വദേശികളും നിറഞ്ഞ തീന്‍മേശയിലേക്ക്‌ ഞങ്ങള്‍ ചെന്നു.  സൂപ്പ് കുടിച്ചു അരമണിക്കൂറിനു ശേഷം ഭക്ഷണം കഴിക്കാന്‍ തുടങ്ങി. തങ്ങള്‍ക്കു കത്തിയും മുള്ളും ഉപയോഗിക്കാന്‍ അറിയാം എന്നാ ഹുങ്കോടെ വിനോദ് ബിനു,രാമാനന്ദന്‍, അരുണ്‍ ഇമ്മാനുവല്‍  തുടങ്ങിയവര്‍ ആദ്യമേ കഴിക്കാന്‍ തുടങ്ങി. പക്ഷെ ഞാന്‍ അന്‍വര്‍, സ്വരൂപ്‌ തുടങ്ങിയവര്‍ സാധാരണ ആള്‍ക്കാര്‍ കഴിക്കുന്നത്‌ പോലെ കഴിക്കാന്‍ തുടങ്ങി.

     ആദ്യത്തെ അരമണിക്കൂര്‍ (സൂപ്പ് കഴിഞ്ഞു ഭക്ഷണം തുടങ്ങുന്നത് വരെ) രംഗം ശാന്തമായിരുന്നെങ്കിലും  പിന്നീട് കഥ മാറി, എല്ലാവരും മാന്യത ഉപേക്ഷിച്ചു ആഞ്ഞു കഴിക്കാന്‍ തുടങ്ങി. ചിക്കന്‍, മട്ടന്‍, മീന്‍ തുടങ്ങിയവ മെയിന്‍ ഭക്ഷണവും പേരിനു ചോറും. നിമിഷ നേരം കൊണ്ട് ബുഫെ കാലി. ഞങ്ങള്‍ വളരെയധികം പ്രിപ്പയര്‍ ചെയ്തിട്ടുണ്ട് എന്ന മട്ടില്‍ പരിചാരകര്‍ തീരുന്നത് തീരുന്നത് നിറക്കാന്‍ തുടങ്ങി. പക്ഷെ എല്ലാം നിമിഷ നേരത്തേക്ക് മാത്രം. ഇരുപതു പേരുടെ ആക്രമണം അവര്‍ക്ക് ഊഹിക്കവുന്നതിലും അപ്പുറം ആയിരുന്നു.  ഇവരാരും ഭക്ഷണം കണ്ടിട്ടില്ലേ എന്ന മട്ടിലായി അവിടുത്തെ ആള്‍ക്കാരുടെ (പ്രത്യേകിച്ചും വിദേശികളുടെ) നോട്ടം. പ്രശ്നം വഷളാണ് എന്ന് തോന്നിയതിനാല്‍ ഹോട്ടല്‍ മാനേജര്‍-മാരും എത്തി. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു മാന്യതയും ഇല്ല, എല്ലാവരും വെട്ടി വിഴുങ്ങുകയാണ്.

        ഇതിനിടയില്‍   മാനേജര്‍മാരുടെ നിര്‍ദേശപ്രകാരം റൊട്ടി, നാന്‍ തുടങ്ങിയവ മേശയില്‍ എത്തി. ഇത് കഴിച്ചാല്‍ വെള്ളം കുടിക്കെണ്ടാതയും വിശപ്പ്‌ കുറയും എന്നത് അന്‍വര്‍ നേരത്തെ പറഞ്ഞതിനാല്‍ ആരും അത് തൊട്ടതു പോലും ഇല്ല.

   ഐസ്-ക്രീം, സലാഡ് എല്ലാം തീര്‍ന്നുകൊണ്ടിരിക്കുവാന്, ഞങ്ങള്‍ കഴിക്കുന്നത്‌ കാണാനായി ചിലര്‍ വട്ടം കൂടി.

          ആറുമണിക്ക് തുടങ്ങിയ ഭക്ഷണം കഴിപ്പ്‌ ഏകദേശം ഒന്‍പതു മണിയായപ്പോളത്തേക്ക് അവസാനിപ്പിച്ചു. ആര്‍ക്കും നടക്കാന്‍ വയ്യാത്ത അവസ്ഥ, എല്ലാവരും തളര്‍ന്ന്‍ ഇരിക്കുവാണ്.

       " ഞങ്ങള്‍ കഴിച്ചു കഴിഞ്ഞു, ഇനി ബില്‍ കൊണ്ടുവന്നോളു" എന്നത് കേട്ട് ഒരു ദീര്‍ഖനിശ്വാസത്തോടെ ആശ്വാസമായി എന്ന മട്ടില്‍ വെയിറ്റര്‍ പോയി. ബില്‍ പറഞ്ഞതിലും അധികം ആകുമോ എന്ന് ഞങ്ങള്‍ സംശയിച്ചിരുന്നെങ്കിലും ഇല്ല. ബില്ലും ക്വാളിറ്റി വര്‍ധന നിര്‍ദേശങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ പൂരിപ്പിക്കാന്‍ ഒരു കടലാസും തന്നു.

  കടലാസ്സ്‌ കിട്ടിയപാടെ സ്വരൂപും അന്‍വറും എഴുതാന്‍ തുടങ്ങി. അതില്‍ എഴുതിയ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

1. ആപ്പിള്‍ വളരെ നിലവാരം കുറഞ്ഞതായി. കാശ്മീരി ആപ്പിള്‍ അല്ലായിരുന്നു.
2. ഐസ്-ക്രീമിന് എരുമപ്പാല്‍ ഉപയോഗിച്ചത് കൊണ്ട് സ്വാദ് കുറവായിരുന്നു.
3. ചിക്കന്‍ കറിക്ക് എരിവു പോരായിരുന്നു.
4. സലാടില്‍ ഫ്രൂട്സ് കുറവായിരുന്നു.
5. ബിരിയാണി അരിക്ക്  ക്വാളിറ്റി പോര .......

 ഈ മുകളില്‍ പറഞ്ഞതൊക്കെ സത്യമല്ലായിരുന്നെങ്കിലും ചുമ്മാ തട്ടിവിട്ടതാണ് 

      അത് തിരികെ കൊടുത്തു ബില്ലും അടച്ചു ഞങ്ങള്‍ തിരികെ പോരാന്‍ തയ്യാറെടുത്തപ്പോള്‍ കോട്ടും സൂട്ടും  ധരിച്ചു ചിലര്‍ എത്തി, ഞങ്ങള്‍ ഹോട്ടല്‍ മാനജെര്മാരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ശ്രിനാഥ് ചേട്ടനെ നോക്കി അതിലെ പ്രധാനി പറഞ്ഞു " സര്‍ !! ക്ഷമിക്കണം, നിങ്ങളുടെ നിര്‍ദേശങ്ങള്‍ വായിച്ചു, ഇനിയത് ശ്രദ്ധിച്ചു കൊള്ളാം, ഇപ്പോഴതെക്ക് ക്ഷമിക്കണം, പാചകക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ കൊടിത്തിട്ടുണ്ട്!!!"   

എല്ലാവരും കണ്ണുതള്ളി, ആദ്യമായാണ് എല്ലാരും ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറുന്നതും ഭക്ഷണം കഴിക്കുന്നതും, എന്നാലും മാന്യത കളയരുതല്ലോ

ഷിനു മറുപടി കൊടുത്തു " വളരെ മോശമായി, ഞങ്ങള്‍ പ്രതിക്ഷിച്ച നിലവാരമില്ലായിരുന്നു, ഇനി ഞങ്ങള്‍ Taj, Le-Meridian തുടങ്ങിയവക്ക് മാത്രമേ മുന്‍ഗണന കൊടുക്കുകയുള്ളൂ"

 എന്ത് നിലവാരം ?  Taj, Le-Meridian -അതൊക്കെ മതിലിനു വെളിയില്‍ നിന്നേ കണ്ടിട്ടുള്ളു , അന്നേരമാ ഒരു മുന്‍ഗണന!!!  , ഇനി ജീവിതത്തില്‍ അവിടെ കയറുമോ എന്നുപോലും ആര്‍ക്കും ഉറപ്പില്ല

 പക്ഷെ പ്രശ്നം ഒതുതീര്‍പ്പക്കാനായി ആയിരം രൂപ കുറച്ചു തന്നു, നോക്കണേ ചില നിര്‍ദേശങ്ങളുടെ വില  
 
 
21. ഒരു ചെറിയ റാഗിങ്ങ്

ഐ. ഐ. റ്റി - യില്‍ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ ഉണ്ടായ അനുഭവമാണിത്. എന്‍റെ കൂടെ അച്ഛനും അടുത്ത വീട്ടിലെ ചില ചേട്ടന്മാരും ഉണ്ടായിരുന്നു.ഐ. ഐ. റ്റി - യില്‍ വന്നു ഹോസ്റ്റല്‍ റൂം ഒക്കെ ശരിയാക്കി അവര്‍ തിരിച്ചുപോകാന്‍ തയ്യാറായി. അവരെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ്സ്‌ കയറ്റിവിട്ട ശേഷം ഞാന്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ റൂമിന്‍റെ കതകില്‍ ഒരു നോട്ടീസ് പതിച്ചിരിക്കുന്നു.  

" എന്നെ വന്നു കാണുക, റൂം നമ്പര്‍ 19" - ഉദയ്

 ദൈവമേ !!! ആദ്യത്തെ ദിവസം തന്നെ റാഗിങ്ങിന് ഇരയകനാണ് വിധി. ഐ. ഐ. റ്റി - യില്‍ റാഗിങ്ങ് ഇല്ലാന്ന് ആരാണാവോ പറഞ്ഞത്. ഇനി ചെന്ന് കണ്ടില്ലെങ്കില്‍ അതിനു വേറെ കിട്ടിയാലോ,ധൈര്യം സംഭരിച്ചു പോയി കാണാന്‍ തീരുമാനിച്ചു.

 റൂം നമ്പര്‍ 19 -ഇല്‍ ചെന്ന് കതകു മുട്ടി വിളിച്ചു. ഭയന്ന് വിറച്ചാണ് നില്പ്. ഇനി എന്താണാവോ ചെയ്യിപ്പിക്കാന്‍ പോന്നത്. അതികം കാത്തുനില്‍ക്കേണ്ടി വന്നില്ല, കതകു തുറന്നു, വെളുത്ത, അത്യാവിശ്യം വന്നമുള്ള ഒരുത്തന്‍, ഞാന്‍ എന്‍റെ കതകിലെ നോട്ടിസ് കണ്ടിട്ടാണ് വന്നത് എന്ന് പറഞ്ഞു.

"Come, take your seat ( വരൂ, ഇരിക്ക് )" - പുള്ളി പറഞ്ഞു.

     റാഗിങ്ങിന്‍റെ ചില കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. take your seat എന്ന് പറയുമ്പോള്‍ ചാടിക്കയറി ഇരുന്നാല്‍ പുള്ളിയുടെ വിധം മാറും, TAKE your seat (കസേര എടുത്തു കൊണ്ട് നില്‍ക്കുക്ക) എന്നതാകും പിന്നെ, അതിനാല്‍ ഞാന്‍ നിഷ്ക്രിയനായി നിന്നു.

 " Come, Sujith, I am your class mate (വരൂ, ഇരിക്ക്, ഞാന്‍ താങ്കളുടെ ക്ലാസ്സ്‌മേറ്റ്‌ ആണ്)" - പുള്ളി പറഞ്ഞു..

 ആശ്വാസമായി, എന്‍റെ  ക്ലാസ്സ്‌മേറ്റ്‌ ആണ്, പിന്നെ ഞാന്‍ മുറി ഒന്ന് കണ്ണോടിച്ചു, തെലുങ്കനാണ് കക്ഷി.

പുള്ളി സ്വയം പരിചയപ്പെടുത്തി, ഉദയ്  എന്ന വിശാഖപട്ടണം കാരന്‍ 

" What's your entrance rank (എത്രയാണ് എന്ട്രന്‍സ് പരിക്ഷയിലെ റാങ്ക്?) " - ഉടനെ അടുത്ത ചോദ്യം

ഞാന്‍ പറഞ്ഞു -" 19 (nineteen)"

"Good, Congrats, I got 34 (നല്ലത്, അഭിനന്ദനങ്ങള്‍, എനിക്ക് 34 ആണ്  റാങ്ക്)" ഉദയ്  പറഞ്ഞു.

"Now onwards i want to work hard, i want to become top three in IIT (ഇനി എനിക്ക് കഠിനാധ്വാനം ചെയ്യണം, ഐ. ഐ. റ്റി - യില്‍ എനിക്ക് ആദ്യത്തെ മൂന്നു റാങ്കിനുള്ളില്‍  വേണം )" - ഉദയ്  വീണ്ടും പറഞ്ഞു

ഞാന്‍ ഇതൊക്കെ കേട്ട് തലയാട്ടി, എവിടുന്നോ വന്ന ബുദ്ധിജീവിയാണ്‌.

 അലമാരയിലെ ഒരു തടിച്ച പുസ്തകം ചൂണ്ടികാണിച്ചുകൊണ്ട്  " Did you read that book (ഇത് വായിച്ചിട്ടുണ്ടോ?)" എന്നതായി അടുത്ത ചോദ്യം.

 ജീവിതത്തില്‍ ആദ്യമായാണ് ഇത്ര തടിച്ച പുസ്തകം കാണുന്നത്,ഇതൊക്കെ പടിച്ചരുന്നെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു!!! .   അതിനാല്‍ ഇല്ല എന്ന് മറുപടി നല്‍കി.

"അതില്‍ വളരെ തെറ്റുകളുണ്ട്‌, അതിനു അടുത്തിരിക്കുന്ന പുസ്തകം വായിച്ചിട്ടുണ്ടോ?" - വീണ്ടും ചോദ്യം ,

 ഈ പുസ്തകങ്ങളൊന്നും ഞാന്‍ കേട്ടിട്ടോ കണ്ടിട്ടോ പോലും ഇല്ല , ഇനി ഇല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ എങ്ങനയോ ഐ. ഐ. റ്റി - യില്‍ കടന്നുക്കൂടിയതാണെന്ന് വിചാരിച്ചാലോ 

" yes, i referred that only ( അതെ, ഞാന്‍ അതാണ് ഉപയോഗിച്ചിരുന്നത്) " - മറുപടി കൊടുത്തു.

"O.K, average book, not having clarity in some areas, (ഓ.കെ, ശരാശരി ബുക്ക്‌, ചിലതിനു വ്യക്തതയില്ല)" - പുള്ളി പറഞ്ഞു,

    ദാ കിടക്കുന്നു, ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അത് നിലവാരം ഇല്ലാത്തതായി.

"I want to write a text book, that will be useful to others (എനിക്ക് ഒരു ബുക്ക്‌ എഴുതണം, അത് മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം ആയിരിക്കും " -ഉദയ്-യുടെ അടുത്ത അഭിപ്രായം

ഞാന്‍ ശരി എന്ന് തലയാട്ടി.

  ഇതൊക്കെ കേട്ട് ഗുഡ് ബൈ പറഞ്ഞു റൂമില്‍ തിരിച്ചെത്തിയ എന്‍റെ അവസ്ഥ അവര്‍ണ്ണനീയമായിരുന്നു. ഒന്നാമത് വീട്ടില്‍ നിന്നു മാറി നില്‍ക്കെണ്ടാതിന്‍റെ വിഷമം, അതിന്‍റെ  കൂടെ ഇത്ര ബുദ്ധിജീവികളുടെ കൂടെ എങ്ങനെ നിലനില്‍ക്കും എന്ന ചിന്ത, ഐ. ഐ. റ്റി - യില്‍ വന്നത് അബദ്ധം ആയോ ആവൊ!!!!!

  പക്ഷെ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും പരിക്ഷയുടെ മാര്‍ക്ക്‌ വന്നപ്പോള്‍ പുള്ളിക്ക് വളരെ കുറവായിരുന്നു, പിന്നെ മനസ്സിലായി ഈ പറച്ചില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ,തലക്കകത്ത് ആള്‍ താമസം കുറവാണ്.......

22. ചെറിയ വലിയ വര്‍ത്തമാനം

ഒരു നാള്‍ ഡിപ്പാര്ട്ട്മെന്റ് -ഇല്‍  ഞാനും രാമനന്ദനും നില്‍ക്കുമ്പോളാണ് പ്രതാപിന്‍റെ വരവ്. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കേ ഒരു PHD വിദ്ധ്യാര്‍ദ്ധിയുടെ മകളായ ഒരു ചെറിയ  പെണ്‍കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. വട്ട മുഖവും തിളങ്ങുന്ന കണ്ണുകളും ഓമനത്തം തുളുമ്പുന്ന മുഖവും ഉള്ള ഒരു സുന്ദരികുട്ടി. ഒന്നാം ക്ലാസ്സിലോ പഠിക്കുന്ന ചെറിയ കുട്ടി. തത്തി  തത്തി സംസാരിക്കും, അത്ര മാത്രം

 കുട്ടിയേ കണ്ടപാടെ 'ടുട്ടുടുട്ടുടൂ' എന്ന് പറഞ്ഞുകൊണ്ട് പ്രതാപ്‌ അതിന്‍റെ കവിളുകളില്‍ പിടിച്ചു സ്നേഹപ്രകടനം തുടങ്ങി. കവിള് തിരുമ്മുക, കവിള് വലിച്ചു നീട്ടുക തുടങ്ങിയവ. പ്രതാപിനെ ഒന്ന് നോക്കിയതിനു ശേഷം അത് തിരിച്ചു പോയി.  തിരിച്ചു ഒന്നും പറയാന്‍ അതിനു പറ്റില്ല എന്നുള്ളതുകൊണ്ട് അല്പം വലിയ സ്നേഹപ്രകടനമാണ്.

" കണ്ടോടാ, എത്ര പെട്ടന്നാ ഞാന്‍ കുട്ടികളോട് അടുക്കുന്നതെന്ന് , കണ്ടു പടിയെടാ, അവര്‍ക്ക് നല്ല മനുഷ്യരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും"- പ്രതാപ്‌ സ്വല്പം അഹംഭാവത്തോടെ പറഞ്ഞു. 

 നോക്കണേ!!! ചുമ്മാ നിന്നാലും പ്രശ്നം.

 ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും വന്നു. 'ടുട്ടുടുട്ടുടൂ' എന്ന് പറഞ്ഞുകൊണ്ട് പ്രതാപ്‌ വീണ്ടും അതിന്‍റെ  കവിളില്‍ പിടിക്കാന്‍ അടുത്തേക്ക് ചെന്നു.

"It irritates me (ഇത് എനിക്ക് ശല്യം ചെയ്യുന്നു) '- തന്‍റെ കണ്ണുരുട്ടി ആ പെണ്‍കുട്ടി പ്രതാപിനോട് പറഞ്ഞു.അത് ഇങ്ങനെ പറയുമെന്ന് ആരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കില്ല

      ഈ ചെറിയ വായിലെ വലിയ വര്‍ത്തമാനം എല്ലാരിലും ചെറിയ അമ്പരപ്പ് പരത്തി.

" ഞങ്ങള്‍ക്ക് മനസ്സിലായെടാ , നല്ല മനുഷ്യരെ കുട്ടികള്‍ക്ക്  പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും"- രാമാനന്ദന്‍ ഇതും പറഞ്ഞിട്ട് സ്ഥലം വിട്ടു. 
 
                         തുടരും .....(അടുത്ത ഞായറാഴ്ച (05/12/2010))
 
 
വരാന്‍ പോകുന്ന സംഭവങ്ങള്‍ 

"ഷിന്‍റ്റോ ചേട്ടന്‍റെ ട്രെയിന്‍ യാത്ര " 
 
" കിരണ്‍ സി ജെ -പോക്ക് എങ്ങോട്ട്  "
 

" മറീന ബീച്ചിലെ വിശേഷങ്ങള്‍"

Saturday, 20 November 2010

IIT incidents - part 6

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3,IIT incidents part 4 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!
ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. 

17. ഒരു കോണ്‍ഫറന്‍സ്സ്  വിശേഷം

വര്‍ഷാവര്‍ഷം ഐ. ഐ. റ്റി - യില്‍ ചില കോണ്‍ഫറന്‍സുകള്‍ (പല ഗവേഷകരും പേപ്പര്‍ പ്രസന്റ്റ്‌ ചെയ്യുന്ന സ്ഥലം). ഇതില്‍ പറയുന്ന കാര്യങ്ങള്‍ വിദ്ധ്യാര്‍ദ്ധികള്‍ക്ക് മനസ്സിലാകാറില്ലെങ്കിലും ഈ സമയത്ത് ആണ്‍കുട്ടികള്‍ വളരെ സന്തുഷ്ടരായിരിക്കും, കാരണം പലതാണ് - ക്ലാസ്സ്‌ കാണില്ല - കോണ്‍ഫറന്‍സ്സിന് പങ്കെടുക്കുക എന്ന വ്യാജേന എയര്‍  കണ്ടിശ്ശനിംഗ് ഉള്ള സെമിനാര്‍ ഹാളില്‍ ഉറക്കം - കോണ്‍ഫറന്‍സ്സിന് പങ്കെടുക്കാന്‍ വന്ന പല വിദ്ധ്യാര്‍ദ്ധികളെയും (പ്രത്യേകിച്ചും പെണ്‍ക്കുട്ടികളെ) പരിചയപ്പെടാം - ഐ. ഐ. റ്റി -വിദ്ധ്യാര്‍ദ്ധികള്‍ ആണ് തങ്ങള്‍ എന്ന ജാട മറ്റു കോളേജിലെ കുട്ടികളെ കാണിക്കാം (പലപ്പോഴും മറ്റു കോളേജിലെ കുട്ടികള്‍ ഐ. ഐ. റ്റി വിദ്ധ്യാര്‍ദ്ധികളെ ആരാധനയോടെ നോക്കാറുണ്ട് , ഇത് പലരും മുതലക്കാറുമുണ്ട്) - പിന്നെ രാവിലെയും ഉച്ചക്കും കിടിലന്‍ ഭക്ഷണവും. ഉറക്കം - ഭക്ഷണം - ഒളി കണ്ണെറിയല്‍- ഇതില്‍ കൂടുതല്‍ എന്ത് വേണം?

അങ്ങനെ സന്തുഷ്ടകരമായ കോണ്‍ഫറന്‍സ്സ് സുദിനം വന്നുചേര്‍ന്നു, തിരുവനന്തുപരത്തും കൊച്ചിയിലും പഠിക്കുന്ന എന്‍റെ ചില സുഹൃത്തുക്കളും ഇതില്‍ പങ്കെടുക്കാന്‍ വന്നുചേര്‍ന്നിട്ടുണ്ട്. അവരുടെ മുന്നില്‍ ആളാകാന്‍ കിട്ടുന്ന അവസരമാണ്. അത് മുതലാക്കണമെന്നും കുറെ പെണ്‍കുട്ടികളെ പരിച്ചയപ്പെടണം എന്നും ആഗ്രഹിച്ചാണ് അന്ന് രാവിലെ ഉണര്‍ന്നത് (തലേന്ന് പലപ്പോഴും നേരം പുലര്‍ന്നോ നേരം പുലര്‍ന്നോ എന്ന് വാച്ച് നോക്കി സമയം നീങ്ങാത്തതിനെ ശപിച്ചിരുന്നു).

അങ്ങനെ കുളിച്ചു കുറിതൊട്ട് ഹോസ്റ്റല്‍ മുറിയില്‍ നിന്നപ്പോഴാണ് ഒരു പ്രശ്നം.

കോണ്‍ഫറന്‍സ്സിന് പങ്കെടുക്കാന്‍ പല കോളേജുകളില്‍ നിന്ന് പലരും വരും. ഞാന്‍ ഐ. ഐ. റ്റി - യിലാണ് പഠിക്കുന്നത് എന്ന് അവരെ എങ്ങനെ അറിയിക്കും? താനും മറ്റു കോളേജുകളില്‍ ആണ് പഠിക്കുന്നത് എന്നവര്‍ ചിന്തിച്ചാലോ? കാര്യം നിസാരം - ഐ. ഐ. റ്റി - യുടെ പേരുള്ള ഒരു ടീ ഷര്‍ട്ട്‌ ധരിച്ചു പ്രശ്നം ഒഴിവാക്കുക. അത് ധരിച്ചു കഴിഞ്ഞാല്‍ തന്‍റെ ടീ ഷര്‍ട്ടില്‍ ഐ. ഐ. റ്റി എന്ന് എഴുതിയിരിക്കുന്നത് കണ്ടു ഇവിടെ പഠിക്കുന്നതാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിക്കൊള്ളും, എന്‍റെ ബുദ്ധിശക്തിയെ ഞാന്‍ രഹസ്യമായി അഭിനന്ദിച്ചു.

എട്ടുമണിക്ക് തുടങ്ങേണ്ട കോണ്‍ഫറന്‍സ്സിന് കേരളത്തിലെ കോളേജുകളില്‍ നിന്ന് വന്ന എന്‍റെ സുഹൃത്തുക്കളെയും കൂട്ടി ഏഴേമുക്കാല്‍ ആയപ്പോള്‍ തന്നെ സെമിനാര്‍ ഹാളിലെത്തി. തന്‍റെ എതിരാളികള്‍ (മറ്റാരുമല്ല, ഐ. ഐ. റ്റി - യില്‍ പഠിക്കുന്ന സഹാപാഠികള്‍ തന്നെ,  കൂടുതല്‍ ഐ. ഐ. റ്റി - യില്‍ പഠിക്കുന്നവര്‍ ഉണ്ടെങ്കില്‍ ജാട കാണിക്കേണ്ടത് അല്പം കുറക്കേണ്ടി വരുമല്ലോ)  വല്ലവരും എത്തിയിട്ടുണ്ടോ എന്ന് പരതിനോക്കി. ആരുമില്ല ! ദൈവത്തിനു സ്തുതി - പെണ്‍കുട്ടികള്‍ വളരെയുണ്ട് !!

            അങ്ങനെ എല്ലാവരെയും നോക്കി നില്‍കുമ്പോഴാണ് ഒരു അധ്യാപകന്‍ കടന്നുവന്നത്. എന്നെ പരിചയമുള്ള  അദ്ധ്യാപകനാണ്. അദ്ദേഹം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിനു നല്ല മാര്‍ക്ക് മേടിച്ചതുകൊണ്ട് എന്നെ വളരെ കാര്യമാണ്. ഞാനൊരു സംഭവം ആണെന്നും ഐ. ഐ. റ്റി - യിലെ അദ്ധ്യാപകര്‍ക്ക് തന്നെ വലിയ കാര്യമാണെന്നും സുഹൃത്തുക്കളെ കാണിച്ചുകൊടുക്കാനുള്ള അവസരം, അത് ഞാന്‍ മുതലാക്കാന്‍ തീരുമാനിച്ചു. 

          മറ്റു കോളേജുകളില്‍ നിന്ന് വന്ന സുഹൃത്തുക്കളെയും നിര്‍ബന്ധപൂര്‍വം (അവര്‍ക്ക് താല്പര്യമില്ലായിരുന്നു, എന്‍റെ നിര്‍ബന്ധനതിനു വഴങ്ങി) അദ്ധ്യാപകനെ  പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞുകൊണ്ട് അദ്ധ്യാപകന്‍റെ  മുന്നിലേക്ക്‌ ചെന്നു. എന്നെ കണ്ടിട്ടും കണ്ട ഭാവമില്ല. കാണാത്തത് കൊണ്ടായിരിക്കാം എന്ന് വിശ്വസിച്ച് പറഞ്ഞു " ഗുഡ് മോര്‍ണിംഗ് സര്‍"

"ങ്ങും, ഗുഡ് മോര്‍ണിംഗ്, ക്ലാസ്സിലെ മറ്റു കുട്ടികള്‍ എവിടെ?" - അദ്ധ്യാപകന്‍ ചോദിച്ചു.

തനിക്കും പഠനത്തിലും ഗവേഷണത്തിലും താല്പര്യമുണ്ടെന്നു അറിയിക്കാന്‍ പറ്റിയ അവസരം, സഹാപാഠികളെ ഒന്ന്
താഴ്ത്തികെട്ടാനും.

ഞാന്‍ പറഞ്ഞു - " അവര്‍ക്ക് താല്പര്യമില്ല സാര്‍, അവര്‍ ഇപ്പോഴും ഹോസ്റ്റലില്‍  ഉറക്കമാണ് "
  
ഇതും പറഞ്ഞു ഞാന്‍ സുഹൃത്തുക്കളുടെ മുന്നില്‍ അല്പം നെഞ്ച് വിരിച്ചു നിന്നു.

അദ്ധ്യാപകന്‍ ഗൗരവത്തില്‍ " ശരി. ഫൈന്‍ , നോ പ്രോബ്ലം, സുജിത്ത്, ഒരു കോണ്‍ഫറന്‍സ്സിന് വരുമ്പോഴെങ്കിലും ഫോര്‍മല്‍ ആയി വരണം എന്നറിഞ്ഞുകൂടെ, ഐ. ഐ. റ്റി - യുടെ വില എന്തിനാണ് നിങ്ങള്‍ കളയുന്നത്, പോയി നല്ല ഡ്രസ്സ്‌ ധരിച്ചു വരൂ".

   ഇത് പറഞ്ഞപ്പോഴത്തേക്കും സുഹൃത്തുക്കളില്‍ നിന്നും അവിടെ കൂടിയിരുന്നവരില്‍ നിന്നും ഒരു പൊട്ടിച്ചിരി തന്നെ ഉയര്‍ന്നു .

ഒരാഴ്ച മുന്‍പ് ഇതേ അദ്ധ്യാപകന്‍ തന്നെയാണ് ക്ലാസ്സില്‍ പറഞ്ഞത് ഡ്രസ്സിലും  മേയ്ക്ക്-അപ്പിലും (Make Up) ഒന്നുമല്ല കാര്യം, മാര്‍ക്കിലാണെന്ന്, അത് ചോദിക്കണമെന്നുണ്ടെങ്കിലും  ഇനിയും നാണക്കെടാന്‍ ധൈര്യമില്ല .

പിന്നെ ഞാന് ‍ആ കോണ്‍ഫറന്‍സ്സ് കഴിയുന്നത്‌ വരെ ആ സെമിനാര്‍ ഹാളിന്‍റെ സമീപത്തോട്ടു പോലും പോയില്ല.  
  


18. അന്‍വറും പ്രമോജും പിന്നെ ഞാനും

ഐ. ഐ. റ്റി - യിലെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എന്‍റെയും സുഹൃത്തായ അന്‍വറിന്റെയും കൂടെ ഒരാള്‍ കൂടി വന്നു ചേര്‍ന്നു - തിരുവനന്തപുരത്തുകാരനായ പ്രമോജ് ശങ്കര്‍, തെര്‍മല്‍ എഞ്ചിനീയറിങ്ങ് ആണ് പുള്ളിയുടെ പഠനവിഷയം. ആള്‍ കഴിവുള്ളതാണെങ്കിലും ഒരു കുഴി മടിയനാണ്, ഭക്ഷണം- സിനിമ - ഉറക്കം, ഇത് മൂന്നുമാണ് പുള്ളിയുടെ ജീവിതം.

ആദ്യ വര്‍ഷത്തെ ഉഴപ്പ് മൂലം എല്ലാ വിഷയങ്ങള്‍ക്കും വളരെ കുറച്ചു മാര്‍ക്ക് ആണ് പുള്ളിക്ക് കിട്ടിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, ഇതിന്‍റെ ഒരു അപകര്‍ഷതാബോധം പുള്ളിയുടെ മനസ്സില്‍ എപ്പോഴുമുണ്ട്. ഇത് ഞാനും അന്‍വറും പലപ്പോഴും മുതലാക്കാറുമുണ്ട്. പഠന കാര്യം പറഞ്ഞു എവിടെ വച്ചും എപ്പോഴും പ്രമോജിനെ കുതിര കയറുക എന്നതാണ് ഞങ്ങളുടെ (ഞാനും അന്‍വറും) ഇഷ്ട വിനോദം. സുഹൃത്തുക്കള്‍ ഞങ്ങളെ നിര്‍ബാധം പ്രോത്സാഹിപ്പിക്കാറുമുണ്ട്.


ഇതിനിടയില്‍ താന്‍ പെണ്‍കുട്ടികളുടെ ഒരു ആരാധനാപാത്രം ആണെന്ന് പ്രമോജ് ഹോസ്റ്റലില്‍ പറഞ്ഞു പരത്തി. ഇതിനായി കഴിഞ്ഞ ക്രിസ്മസ്സിനും ന്യൂ ഇയറിനും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ തെളിവായി നിരത്തി. ഇത് ഒരു ചെറിയ ഹീറോ പദവി പ്രമോജിനു ലഭിക്കാന്‍ കാരണമായി. ഞാനും അന്‍വറും ഗ്രീറ്റിംഗ് കാര്‍ഡുകളുടെ കവര്‍ പരിശോദിച്ചപ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ച, കേരളത്തിലെ അഡ്രസ്സുകളാണ് കാര്‍ഡുകളില്‍ കൊടുത്തിരിക്കുന്നതെങ്കിലും പോസ്റ്റിങ്ങ്‌ എല്ലാം നടന്നിരിക്കുന്നത് മദ്രാസില്‍ നിന്നാണ്. ഞാനും അന്‍വറും പ്രമോജിന്റെ റൂം പരിശോദിച്ചപ്പോള്‍ കുറെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വാങ്ങിയ ബില്ലും ലഭിച്ചു, അതെ ! പ്രമോജ് തന്നെ ഓരോ പെണ്‍കുട്ടികളുടെ പേരില്‍ സ്വന്തം അഡ്രസ്സില്‍ ഗ്രീറ്റിംഗ് കാര്‍ഡ്‌ അയച്ചതാണ്, ഇത് ഞങ്ങള്‍ നോട്ടീസ് അടിച്ചു എല്ലാവരെയും അറിയിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ഹോസ്റ്റലിലും ഐ. ഐ. റ്റി - യിലും അവന്‍റെ മണ്ടത്തരങ്ങള്‍ പറഞ്ഞു നടക്കുമ്പോഴാണ് ഒരു വാര്‍ത്ത‍ കേട്ടത്- പ്രമോജ് ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) എഴുത്ത് പരിക്ഷ പാസ്സായിരിക്കുന്നു, എന്തോ പുതിയ കള്ളത്തരം ആണെന്ന് എനിക്കും അന്‍വറിനും തോന്നി. അല്ലെങ്കില്‍ കാക്ക മലന്നു പറക്കണം !!!!



പക്ഷേ സത്യമാണ് , ഹോസ്റ്റല്‍ മുറിയില്‍ എത്തിയപ്പോള്‍ ഇന്റര്‍വ്യൂ കാര്‍ഡ്‌ കാണിച്ചു. " പൊട്ടകണ്ണന്‍ മാവേല്‍ എറിഞ്ഞപ്പോള്‍ കൊണ്ടതാണ്, കറക്കിക്കുത്ത്‌, അല്ലാതെന്താ" - ഇത് ഞങ്ങള്‍ എല്ലായിടവും പ്രമോജ് എങ്ങനെ ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ്(IES) എഴുത്ത് പരിക്ഷ പാസ്സായി എന്നതിനെ കുറിച്ച് പറഞ്ഞു.


പക്ഷേ സംഭവിക്കേണ്ടത്‌ സംഭവിച്ചു. പ്രമോജ് ഇന്റര്‍വ്യൂ പാസ്സായി, ഇതോടെ പുള്ളിക്ക് ഒരു "ഹീറോ" പരിവേഷമായി, 'പരിക്ഷക്ക് എങ്ങനെ തയാറെടുക്കണം, എന്തൊക്കെ പഠിക്കണം ..... ' ഇതൊക്കെ അറിയാനായി ക്ലാസ്സിലെ ബുദ്ധി ജീവികള്‍ പോലും ഇപ്പോള്‍ പ്രമോജിന്റെ പുറകേ!!!, ഞങ്ങള്‍ കളിയാക്കുമ്പോള്‍ കൂടെ നിന്നവര്‍ 'ഇപ്പോള്‍ പ്രമോജ് തന്‍ ഹീറോ" എന്ന മട്ടിലായി സംസാരം. നോക്കണേ " സീറോ " ആയി ഞങ്ങള്‍ കൊണ്ടുനടന്നവന്‍ ഇപ്പോള്‍ "ഹീറോ ആയിരിക്കുന്നു". ഇത് എന്നെയും അനവറിനെയും വളരെയധികം ശുണ്ട്ഠി പഠിപ്പിച്ചു.


ഒരുനാള്‍ എന്‍റെയും അന്‍വറിന്റെയും കയ്യില്‍ നിന്ന് അയ്യായിരം രൂപ കടം മേടിച്ചുകൊണ്ട് പ്രമോജ് നാട്ടില്‍ പോയി, പിന്നീടറിഞ്ഞു, അത് കൊണ്ട് പ്രമോജ് നാട്ടില്‍ കൂട്ടുകാരെ സ്വാധിനിച്ചു പ്രമോജിനു  ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) കിട്ടിയതിനു ഒരു അനുമോധന യോഗവും ഒരു പൌര സ്വികരണവും നടത്തി. കാശ് പോയാലെന്താ ഇപ്പോള്‍ നാട്ടിലും പ്രമോജ് ഒരു ഹീറോ ആയി. ഇതിനെ ഒന്ന് പെരുപ്പികാനെന്ന വണ്ണം മലയാള മനോരമയുടെയും മാതൃഭുമിയുടെയും തിരുവനന്തപുരം എഡിഷന്‍ പത്രത്തില്‍ വാര്‍ത്തയും വന്നു " മലയാളി വിദ്ധ്യാര്ധിക്ക് ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) തിളക്കം. ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഒന്ന് ചുരുക്കി പറയട്ടെ...


"മലയാളി വിദ്ധ്യാര്‍ദ്ധിക്ക് (IES) തിളക്കം (
എന്ത് തിളക്കം), ഇപ്പോള്‍ ഐ. ഐ. റ്റി - യില്‍ ബിരുദാനന്ദ പഠനം നടത്തിക്കൊണ്ടിരിക്കുന്ന (എന്ത് പഠനം, മുഴുവന്‍ സമയവും സിനിമയും ഉറക്കവും), പ്രമോജ് എന്ന വിദ്ധ്യാര്‍ദ്ധി ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വീസ്സ് (IES) ഉന്നത റാങ്കോടെ (എന്ത് ഉന്നത റാങ്ക്, എങ്ങനയോ കടന്നു കൂടി) പാസ്സായിരിക്കുന്നു. തെര്‍മല്‍ എഞ്ചിനീയറങ്ങില്‍ റഫ്രിജറേഷന്‍ ഡിപ്പാര്ട്ട്മെന്റ് -ഇല്‍ ഉയര്‍ന്ന മാര്‍ക്കോടെ അദ്ദേഹം പഠനം തുടര്‍ന്ന് കൊണ്ടിരിക്കുവാണ് ( അകെ ഒരാള്‍ മാത്രമാണ് റഫ്രിജറേഷന്‍ ഡിപ്പാര്ട്ട്മെന്റ് -ഇല്‍ പ്രൊജക്റ്റ്‌ ചെയ്യുന്നത്- നോക്കണേ വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന വിധം).

സത്യാവസ്ഥ എന്താണെങ്കിലും പ്രമോജ് എല്ലാവരുടെയും മുന്നില്‍ ഹീറോ ആയി. ഇതിനിടയില്‍ മന്ത്രിമാരുടെ മക്കളുടെ സഹിതം പല കല്യാണ ആലോചനകളും പ്രമോജിനു വന്നു ചേര്‍ന്നു. " പിടിക്കുവാണെങ്കില്‍ പുളികൊമ്പ് എന്നതാണ് പ്രമോജിന്റെ നിലപാട്.


ഒരുനാള്‍ ഞാന്‍ മുറിയില്‍ നില്‍ക്കുബോള്‍ അന്‍വര്‍ പ്രമോജിനെ എന്തോ കാര്യത്തില്‍ വഴക്ക് പറയുന്നതായി കേട്ടു, കാര്യം എന്തെന്നറിയാനായി ഞാന്‍ അന്‍വറിന്റെ മുറിയിലേക്ക് ചെന്നു.


കാര്യമിതാണ്‌- ഒരു ഡോക്ടറിന്‍റെ കല്യാണാലോചന വന്നിട്ടുണ്ട്, എന്താണ് അഭിപ്രായം എന്ന് പ്രമോജ് അന്‍വറിനോട് ചോദിച്ചതാണ്.

ഒരു പെണ്ണ് വന്നാല്‍ ജീവിതം വഴിയാധാരമായി എന്ന പക്ഷക്കാരനാണ് അന്‍വര്‍.


"നിന്‍റെ ജീവിതം കളഞ്ഞുക്കുളിക്കണോ ?'- അന്‍വര്‍ പ്രമോജിനോട് ചോദിച്ചു.

" ഒരു ഡോക്ടര്‍ അല്ലേ, എന്താ കുഴപ്പം" - ഞാന്‍ പ്രതികരിച്ചു.

" നീ ജീവിതം കണ്ടിട്ടുണ്ടോ" - അടുത്ത ചോദ്യം എന്റെയടുത്തായി.


( എന്‍റെ ഒരു വര്‍ഷം ജൂനിയര്‍ ആണ് കക്ഷി. ഒരോണം ഞാന്‍ കൂടുതല്‍ ഉണ്ടിട്ടുണ്ട്, നോക്കണേ റാഗിങ്ങ് ഇല്ലാത്തതിന്‍റെ കുഴപ്പം , ഇനി ഞാന്‍ ജീവിതം കണ്ടിട്ടുണ്ട് എന്നെങ്ങാണം പറഞ്ഞാല്‍ കാറല്‍ മാര്‍ക്സിന്‍റെ മൂലധനം വായിച്ചിട്ടുണ്ടോ, കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റോ വായിച്ചിട്ടുണ്ടോ ദാസ്തെവസ്കിയുടെ പാവങ്ങള്‍ വായിച്ചിട്ടുണ്ടോ എന്നോതെക്കെയാകും ചോദ്യങ്ങള്‍, അതിനാല്‍ ഞാന്‍ മറുപടി പറഞ്ഞില്ല)

" നീ പിന്നെ ആരെ കല്യാണം കഴിക്കും" -പ്രമോജ് ചോദിച്ചു.


" ഞാന്‍ ഒരു ഡോക്ടറെ ആയിരിക്കും " - അന്‍വര്‍ മറുപടി പറഞ്ഞു.

നോക്കണേ ഒരു ഇരട്ടത്താപ്പ്!!!

" നിനക്ക് പറ്റും, അവനെന്താ " - ഞാന്‍ ചോദിച്ചു, പ്രമോജും പിന്താങ്ങി.

" എടാ ഒരു ഡോക്ടറെ കല്യാണം കഴിച്ചാല്‍ അവള്‍ക്കു എപ്പോഴും തിരക്ക് ആയിരിക്കും, അവളുടെ കാര്യം നോക്കി അവള്‍ പൊക്കോളും, ഞാന്‍ ഗവേഷണത്തില്‍ മുഴുകി ജീവിച്ചോളാം, നാട്ടുകാരുടെ മുന്നില്‍ കല്യാണം കഴിച്ചു എന്നുമായി, ഇവന് അത് പറ്റുമോ?   "- അന്‍വര്‍ പ്രതികരിച്ചു.


ഇതിനു എന്ത് മറുപടി പറയണമെന്ന് എനിക്കും പ്രമോജിനും അന്നും ഇന്നും അറിയില്ല 


19. ജീവിതം അസ്വദിക്കാനുള്ളതാണ്


ഐ. ഐ. റ്റി - യിലെ എന്‍റെ സഹപാഠിയായിരുന്നു ഗോകുല്‍ നാഥ് എന്നാ തമിഴ്നാട്ടുകാരന്‍. എന്‍റെ ഉറ്റ സുഹൃത്താണ്‌ പുള്ളി. ഹാര്‍ഡ് വര്‍ക്കിംഗ്‌ എന്താണെന്ന് പുള്ളിയെ കണ്ടുപടിക്കണം. ഊണും  ഉറക്കവും ഉപേക്ഷിച്ചു പുള്ളി പഠനകാര്യങ്ങളില്‍ മുഴുകും. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള മടി മൂലം വിറ്റാമിന്‍ ഗുളികകള്‍ ആണ് പുള്ളി കഴിക്കാര്, അങ്ങേനെയായാല്‍  ഭക്ഷണം കഴിക്കുന്ന സമയം ലാഭിക്കാമല്ലോ. പലപ്പോഴും ഈ ഹാര്‍ഡ് വോര്‍ക്കിംഗ് ഞാന്‍ കളിയാക്കറുണ്ടെങ്കിലും മനസാ ഞാന്‍ പുള്ളിയെ നമിച്ചിട്ടുണ്ട്. (ഈഗോ മൂലം ഇത് കാണിക്കാന്‍ പറ്റില്ലല്ലോ ).

  കോളേജിലെ അവസാന വര്‍ഷം  നടന്ന ഇന്റര്‍  ഡിപ്പാര്ട്ട്മെന്റ് ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ ഫൈനലില്‍ എത്തി. ആദ്യമായാണ് ഞങ്ങള്‍ ഫൈനലില്‍ എത്തുന്നത്‌. നേരത്തെ തന്നെ എല്ലാവരും ഗ്രൗണ്ടില്‍ എത്തെണമെന്നു ഞങ്ങള്‍ തീരുമാനമെടുത്തു.  ഗ്രൗണ്ടില്‍ പോകവേ ഞാന്‍ ഗോകുലിന്റെ മുറിയിലേക്ക് ചെന്ന്. തകര്‍ത്തു പ്രൊജക്റ്റ്‌ ചെയ്യുകയാണ്. ഉറങ്ങിയിട്ട് മൂന്നു നാലു ദിവസമായി എന്ന് കണ്ടാലറിയാം.
    " ഗ്രൗണ്ടില്‍  വരുന്നില്ലേ? " - ഞാന്‍ ചോദിച്ചു.

 " എടാ നീ സമയം കളയാതെ പ്രൊജക്റ്റ്‌ ചെയ്യാന്‍ നോക്ക്, ഈ രണ്ടുപേര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കളിയ്ക്കാന്‍ നിനക്ക് നാണമില്ലെ? നീ എന്തിനാണ് വെറുതെ സമയം കളയുന്നത്?" - ഇതായിരുന്നു മറുപടി
  ഇതാണ് ഗോകുല്‍ നാഥ് .

 പ്രൊജക്റ്റിന്‍റെ    അവസാന നാളുകളില്‍ ഞാനാകെ വിഷമാവസ്ഥയിലായിരുന്നു.  റിസള്‍ട്ട്‌ ഒന്നുമായിട്ടില്ല. സുഹൃത്തുക്കളായ   ശശികാന്തിനോടും ഗോകുലിനോടും ഈ സങ്കടം പറഞ്ഞു.  ശശി കാന്തും   ഞാനും ഏകദേശം ഒരേ അവസ്ഥയിലാണ്, രണ്ടു പേര്‍ക്കും ഉഴപ്പ് കൂടെപ്പിറപ്പാണ്.

"
നിനക്ക് ഇതു  പരിധിക്കുള്ളിലാണ് (Range) ഉത്തരം കിട്ടേണ്ടത് എന്നറിയാമോ " -ശശി കാന്ത് ചോദിച്ചു.

" അറിയാം, അതാണ് പ്രശ്നം. അതിന്‍റെ അടുത്ത് പോലും എത്തുന്നില്ല" - ഞാന്‍ പറഞ്ഞു.

"
നീ ഒരു കാര്യം ചെയ്യ്. കിട്ടിയ ഉത്തരത്തെ ഒരു എസ് ഫാക്ടര്‍ (S factor-സുജിത് ഫാക്ടര്‍) കൊണ്ട് ഗുണിക്ക്. എന്നിട്ട് ധൈര്യമായി സബ്മിറ്റ്‌ ചെയ്യ്.   ഗവേഷണം എന്നാല്‍ . ഇങ്ങനെ ഒക്കെയാണ്, ഒരാള്‍ക്കും ശരിയായ ഉത്തരം  കിട്ടില്ല , പക്ഷെ നമ്മള്‍ ഉത്തരം കിട്ടിയതായി കാണിക്കണം" - ശശി കാന്ത് പറഞ്ഞു.
         ഇത് പണിയാണ്, കള്ളത്തരം പിടിച്ചാല്‍ പ്രശ്നമാകും, അതിനാല്‍ ഞാനിതു അംഗീകരിച്ചില്ല.

  " എടാ എനിക്കും റിസള്‍ട്ട്‌ കിട്ടുന്നില്ല" - ഗോകുല്‍ നാഥ് പറഞ്ഞു.

ഒന്ന്പോടേ !!!! , ഒരു വര്‍ഷം ഉറക്കമുളച്ചു വര്‍ക്ക്‌ ചെയ്തിട്ടും റിസള്‍ട്ട്‌ ഇല്ലന്നോ, ഞങ്ങള്‍ കളിയാക്കിക്കൊണ്ട്‌ തലയാട്ടി ശരി രാജാവേ എന്ന് അറിയിച്ചു.
 " എടാ എനിക്കും റിസള്‍ട്ട്‌ കിട്ടുന്നില്ല, പക്ഷെ ഞാന്‍ വിഷമിക്കുന്നില്ല, കാരണം ജീവിതം അസ്വദിക്കാനുള്ളതാണ്" - ഗോകുല്‍ പറഞ്ഞു.

      ദൈവമേ? ആസ്വാദനം. സിനിമ കാണാനോ ക്രിക്കറ്റ്‌ കളിയ്ക്കാനോ എന്തിന് ഭക്ഷണത്തിന് പോലും ഹോസ്റ്റല്‍ റൂമിന് വെളിയില്‍ വരാത്തവന്‍ ജീവിതം അസ്വദിക്കാനുള്ളതാണെന്ന് പറയുന്നു.
    അന്നേരം എനിക്ക് മനസ്സിലായി, ആസ്വാദനം പലര്‍ക്കും പലതാണ്. ചിലര്‍ക്ക് സിനിമ കാണല്‍‍, ചിലര്‍ക്ക് ഉറക്കം, ചിലര്‍ക്ക് കളികള്‍, ചിലര്‍ക്ക് കറങ്ങിയടിക്കല്‍  അങ്ങനെ .......  ചിലര്‍ക്ക് ഉറക്കമുളച്ചു പഠനവും. 


                                   തുടരും .....(അടുത്ത ഞായറാഴ്ച (28/11/2010))


പോകല്ലേ.....

ഇതും കൂടി വായിചേക്കൂ ...

http://anamikaway.blogspot.com/

വരാന്‍ പോകുന്ന സംഭവങ്ങള്‍ 


" കിരണ്‍ സി ജെ -യുടെ കറക്കങ്ങള്‍ "
 
" ട്രെയിനില്‍ കണ്ട സുന്ദരി"

"ഷിന്‍റ്റോ ചേട്ടന്‍റെ പെണ്ണുകാണല്‍ "







Sunday, 14 November 2010

IIT incidents - part 5

ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3,IIT incidents part 4 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്)


14. അരുണ്‍ ലാലിന്‍റെ പെണ്ണുകാണല്‍ ചടങ്ങ്

ഐ. ഐ. റ്റി - യിലെ ഒരു കമ്പ്യൂട്ടര്‍ വിഗദ്ധനാണ് എന്‍റെ സുഹൃത്തായ അരുണ്‍ ലാല്‍. സോഫ്റ്റ്‌വെയര്‍ മേഖലയാണ് ഇന്ത്യയുടെ നട്ടെല്ല് എന്നാണ് പുള്ളിയുടെ അവകാശവാദം. മക്-ഡോണാള്‍ട്, കെ. എഫ്. സി (Mc-donald, KFC) തുടങ്ങിയ ബുര്‍ഷ്വാ കമ്പനികളുടെ കടുത്ത  ആരാധകനാണ് കക്ഷി. ഫാസ്റ്റ് ഫുഡ്‌ കഴിച്ചാല്‍ വണ്ണം വെക്കും എന്ന് പറയുന്നവര്‍ അരുണ്‍ ലാലിനെ ഒന്ന് കാണണം, പിസ്സയും ബര്‍ഗറും ആണ്  ആള് ദിവസ്സവും കഴിക്കുന്നതെങ്കിലും നാള്‍‍ക്കു നാള്‍ ആള്‍ ശോഷിച്ചു വരികയാണ്‌. ശരീര പുഷ്ടിക്കു വല്ല വ്യായാമവും ചെയ്യാന്‍ പറഞ്ഞാല്‍ ശക്തിയിലല്ല  ബുദ്ധിയിലാണ് കാര്യം എന്നാണ് പുള്ളിയുടെ മറുപടി. തന്‍റെ ശരിരത്തിന്‍റെ അകാരം മറക്കാന്‍ പലപ്പോഴും ഇന്‍ഷര്‍ട്ടും ഫ്രഞ്ച് താടിയും വച്ചാണ് പുള്ളിയുടെ നടപ്പ്.

         ഒരു പ്രേമ നൈരാശ്യത്തിന്‍റെ ആഘാതത്തില്‍ നിന്നും മുക്തനകാന്‍ അരുണ്‍ ലാല്‍ ഒരു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ഒരു പുതിയ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍  പഴെയാളെ  മറക്കാന്‍ കഴിയും എന്നാണ് അരുണ്‍ ലാല്‍ വിശ്വസിക്കുന്നത്. വീട്ടുകാര്‍ക്കും അരുണ്‍ ലാലിനെ ഉടനെ കല്യാണം കഴിപ്പിക്കണം എന്നാണ് ആഗ്രഹം.

            കല്യാണാലോചന തുടങ്ങിയത് മുതല്‍ അരുണ്‍ ലാലിന്‍റെ പുറകെ കേരളത്തിലെ പല കോണ്ട്രാക്ടര്‍മാരും (contractor) പെണ്‍കുട്ടികളെ കൊണ്ട് നടപ്പാണ്. കേരളത്തിലെ PWD - അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ റാങ്ക് ലിസ്റ്റിലുള്ള പയ്യന്‍, കൂടാതെ ഐ. ഐ. റ്റി - യില്‍ നിന്നും ബിരുദാനന്തര ബിരുദവും, വിവാഹ മാര്‍ക്കറ്റില്‍ ഇതില്‍  കൂടുതല്‍ ഡിമാണ്ട് ആര്‍ക്കാണ്  ഉള്ളത്?..

അരുണ്‍ ലാലിന്‍റെ പെണ്‍കുട്ടിയെക്കുറിച്ചുള്ള ഡിമാണ്ട് എന്താണെന്നു ഒരുനാള്‍ ഞാനുംഅന്‍വറും ചോദിച്ചു. " സൗന്ദര്യം (അത് എല്ലാവരും ആഗ്രഹിക്കുന്നതാണല്ലോ), നല്ല സാമ്പത്തികം, നല്ല കുടുംബം" - എന്നതാണ് അരുണ്‍ ലാലിന്‍റെ മറുപടി.

" അന്നേരം സ്വഭാവഗുണമോ ?" - അന്‍വര്‍ ചോദിച്ചു.

" എല്ലാവര്ക്കും ഒരു മിനിമം സ്വഭാവഗുണമുണ്ടല്ലോ? അതുമതി" - എന്നതാണ് അരുണ്‍ ലാലിന്‍റെ മറുപടി.

നോക്കണേ ഓരോരുത്തരുടെയും കാഴ്ചപ്പാട്!!!!!!!!.

അങ്ങനെ ഒരുനാള്‍ അരുണ്‍ ലാല്‍ പെണ്ണുകാണാന്‍  പോയി. അനുജനും  അച്ഛനും അടങ്ങുന്ന ഒരു വലിയ സംഘമാണ് പെണ്ണുകാണാന്‍ ചെന്നത്, പെണ്ണിനേക്കാള്‍ മുറ്റത്തു കിടക്കുന്ന ബെന്‍സ് കാറിലും പെണ്ണുവീട്ടുകാരുടെ ആസ്തിയുലുമാണ് അരുണ്‍ ലാലിന്‍റെ ശ്രദ്ധ.

അതിമാനോഹരമായി  പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു. അരുണ്‍ ലാലിന് കുട്ടിയെ ഇഷ്ടമായി. അങ്ങനെ വീട്ടുകാര്‍ സംസാരിച്ചിരിക്കുമ്പോഴാണ്‌ പെണ്‍ക്കുട്ടിയുടെ അമ്മുമ്മ കടന്നു വന്നത്, അരുണ്‍ ലാലിന്‍റെ അനുജനാണ് പയ്യന്‍ എന്ന് വിചാരിച്ചു അനുജന്‍റെ കയ്യില്‍ പിടിച്ചാണ് അമ്മുമ്മ സംസാരിക്കുന്നത്.

  അന്നേരം ചിലര്‍  അതു പയ്യന്‍റെ അനുജനാണെന്നും പയ്യന്‍ അരുണ്‍ ലാലാണെന്നും പറഞ്ഞു കൊടുത്തു. അങ്ങനെ അമ്മുമ്മ അരുണ്‍ ലാലിന്‍റെ അടുത്തെത്തി കയ്യില്‍ പിടിച്ചു, കയ്യില്‍ പിടിച്ച ഉടനെ " അയ്യോ ! ഈ ആരോഗ്യമില്ലാത്ത എല്ലും തോലുമായിരിക്കുന്ന ഇവന് എന്ത് ധൈര്യത്തില്‍ നമ്മുടെ മോളെ കൊടുക്കും " എന്ന് എല്ലാവരുടെയും മുന്നില്‍ വച്ച് ചോദിച്ചു.

രംഗം ശാന്തം നിശബ്ദം !!!!!!!!!!

അരുണ്‍ ലാല്‍ കാറ്റു പോയ ബലൂണ്‍ പോലെയും !!!!!!!!!!!

വയസ്സായ സ്ത്രീയല്ലേ അമ്മുമ്മ, അതിനാല്‍ ആരും ഒന്നും മിണ്ടിയില്ല

 ആ കല്യാണം മുടങ്ങുകയും ചെയ്തു 

15.  ഗുഡ് മോര്‍ണിംഗ് 

ഒരു നാള്‍ രാവിലെ ഡിപ്പാര്ട്ട്മെന്റ് -ഇല്‍ നില്ക്കുമ്പോളാണ് രഞ്ജിത്തിന്‍റെ അദ്ധ്യാപകനെ കണ്ടത്. ഒരു കയ്യില്‍ മൊബൈലും മറ്റേ കയ്യില്‍ ഒരു തടിച്ച പുസ്തകും പിടിച്ച് മുഖത്ത് ദേഷ്യം കടിച്ചമര്‍ത്തി ആണ് പുള്ളിയുടെ നില്പ്. എന്നെ ഒരു വിഷയം പഠിപ്പിച്ചിട്ടുണ്ട് എന്നുള്ളതല്ലാതെ വല്യ ആത്മബന്ധം ഒന്നും തമ്മിലില്ല . മുഖത്തോട് മുഖം കണ്ടതല്ലേ ഒരു ഗുഡ് മോര്‍ണിംഗ് പറയാന്‍ തീരുമാനിച്ചു.

" ഗുഡ് മോര്‍ണിംഗ് സര്‍" - വളരെ വിനയത്തോടെ ഞാന്‍ പറഞ്ഞു.

" ങ്ങും, ഗുഡ് മോര്‍ണിംഗ്, ആ രഞ്ജിത്തിനെ ഇവിടെയെങ്ങാനും കണ്ടോ ! എട്ടു മണി തൊട്ടു ഞാന്‍ വിളിക്കുവാണ്, എന്‍റെ കാശ് കളയാനായിട്ട് ജനിച്ച ഒരുത്തന്‍. പ്രൊജക്റ്റ്‌ എന്താകും എന്നാലോചിച്ചു എനിക്ക് ബ്ലഡ്‌ പ്രഷര്‍ ദിനംപ്രതി വര്‍ദ്ധിക്കുവാണ്"- വളരെ ദേഷ്യത്തില്‍ അദ്ധ്യാപകന്‍ മറുപടി പറഞ്ഞു.

" ഇല്ല സര്‍ " - ഞാന്‍ മറുപടി പറഞ്ഞു.

" നിങ്ങള്‍ ഏതു ഹോസ്റ്റലില്‍ ആണ് താമസിക്കുന്നത് ?" - അദ്ധ്യാപകന്‍ ചോദിച്ചു.

"സിന്ധു ഹോസ്റ്റലില്‍ സര്‍ " - ഞാന്‍ മറുപടി പറഞ്ഞു.


" രഞ്ജിത്ത് അവിടല്ലേ താമസിക്കുന്നത്, അവന്‍റെ റൂം നമ്പര്‍ ഏതാണ്, എന്‍റെ കൂടുതല്‍ ഹോസ്റ്റലില്‍ വന്നേ" - അദ്ധ്യാപകന്‍ പറഞ്ഞു.

പണിയായി !! , ഞാനെങ്ങാണും ഹോസ്റ്റലില്‍ വിളിച്ചു കൊണ്ട് ചെന്നാല്‍ രഞ്ജിത്തിന്‍റെ ചീത്തവിളി മുഴുവന്‍ കേള്‍ക്കും. കൊണ്ടുപോയില്ലെങ്കില്‍ അദ്ധ്യാപകന്‍റെയും

ഗുഡ് മോര്‍ണിംഗ് അബദ്ധമായി, ഒരു കള്ളം പറയാന്‍ തീരുമാനിച്ചു.
" റൂം നമ്പര്‍ അറിയില്ല സര്‍" - ഞാന്‍ പറഞ്ഞു.

" എന്ത് രണ്ടര വര്‍ഷം  ഹോസ്റ്റലില്‍ പഠിച്ചിട്ടും സ്വന്തം ഡിപ്പാര്ട്ട്മെന്റ് -ലെ  ആളുടെ റൂം നമ്പര്‍ അറിയില്ലന്നോ, നിങ്ങള്‍ രണ്ടര വര്‍ഷം എന്തെടുക്കുവാരുന്നു, ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒരു സാമുഹ്യ ബോധവും ഇല്ല, കമ്പ്യൂട്ടര്‍ യുഗത്തിലാണ് ഇവരുടെ ജീവിതം, ഒരു സാമുഹ്യ ബോധവുമില്ലാതെ ഇവര്‍ എങ്ങോട്ടാണോ പോക്ക്,........."ഇപ്പോള്‍  അദ്ധ്യാപകന്‍റെ   ദേഷ്യം മുഴുവന്‍ എന്‍റെയടുത്തായി, ഒരു പത്തു മിനിട്ട് നീളുന്ന വഴക്ക് പറച്ചിലായി പിന്നെ. നോക്കണേ പുലിവാല്‍, ഏതു സമയത്താണോ ഗുഡ് മോര്‍ണിംഗ് പറയാന്‍  തോന്നിയത്.

          ഇനി ഇവിടെ  രഞ്ജിത്തിനെ ഒന്ന് പരിചയപ്പെടുത്തട്ടെ, ഓഷ്യന്‍  എഞ്ചിനിയറിങ്ങ്  ആയിരുന്നു പുള്ളിയുടെ ആദ്യ പഠനകേന്ദ്രം. അവിടുത്തെ പ്രശ്നങ്ങളാല്‍  സിവില്‍ എഞ്ചിനീയറിങ്ങിലേക്ക് വന്നുചേര്‍ന്നു. ഓഷ്യന്‍   എഞ്ചിനീയറിങ്ങിലെ പ്രശ്നം ഒന്ന് പറയട്ടെ.

 രഞ്ജിത്ത് എം. എസ്സ്- നാണ് (MS- Master in Science) ഓഷ്യന്‍   എഞ്ചിനീയറിങ്ങില്‍ ചേര്‍ന്നത്‌. ഒരുനാള്‍ പ്രൊജക്റ്റ്‌ ഗൈഡ് ക്ലാസ്സെടുത്തതിനു ശേഷം (പവര്‍ പോയിന്റ്‌ പ്രസന്‍റെഷനാണ് (PPT) പുള്ളിയുടെ സ്റ്റൈല്‍, പ്രധാനപ്പെട്ടത് മാത്രം ക്ലാസ്സില്‍ പറയും, പ്രോബ്ലെംസ് എല്ലാം ഹോം വര്‍ക്കാണ്) രഞ്ജിത്തിനോട്   ക്ലാസ്സ്‌ എങ്ങനെയുണ്ട് എന്ന് ചോദിച്ചു.

"വളരെ ബോറിംഗ് ആണ് സര്‍, പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) ഒരു പാസ്സിവ് (passive) വേ പഠന ശൈലിയാണ്. ബ്ലാക്ക്‌ ബോര്‍ഡ്‌ ടീച്ചിംഗ് ആണ് നല്ലത്"-   രഞ്ജിത്ത് മറുപടി പറഞ്ഞു.

ക്ലാസ്സിലെ ‍കുട്ടികളുടെ മുന്നില്‍ ആളാകാന്‍ രഞ്ജിത്ത് ശ്രമിച്ചതാണ്,പക്ഷെ പിന്നീടുള്ള ക്ലാസ്സുകളില്‍ ആളായത് അധ്യാപകനാണ്.ഈ സംഭവത്തിന്‌ ശേഷം രഞ്ജിത്തിന്‍റെ ഗൈഡും രഞ്ജിത്തും രണ്ടു വഴിക്കായി.രഞ്ജിത്ത്  ഓഷ്യന്‍  എഞ്ചിനിയറിങ്ങില്‍  നിന്നും പുറത്തുമായി.

       ഇങ്ങനെയൊക്കെ ആണെങ്കിലും രഞ്ജിത്ത് ഒരു കമ്പ്യൂട്ടര്‍ വിഗദ്ധനാണ്. അത് കാണിക്കാന്‍ ഒരു പേരും സ്വീകരിച്ചു - മൗസ് പൊട്ടറ്റോ - ഹോ !!, കമ്പ്യൂട്ടര്‍ ബുദ്ധിജീവികളെ  അങ്ങെനയാണ് പാശ്ചാത്ത്യര്‍ വിളിക്കുന്നത്‌ പോലും., മൗസ്- കമ്പ്യൂട്ടറുമായി നല്ല ബന്ധമുണ്ട്, പൊട്ടറ്റോ - ഉരുളക്കിഴങ്ങ്- അതിനു കമ്പ്യൂട്ടറുമായി എന്ത് ബന്ധമാണാ ആവൊ? കമ്പ്യൂട്ടറില്‍ ഹരം കയറിയതിനാല്‍ താന്‍ ഒരാഴ്ച വരെ ഉറങ്ങാതിരിന്നിട്ടുണ്ട് എന്നാണ് പുള്ളിയുടെ അവകാശവാദം
. പല്ലപോഴും പ്രൊജക്റ്റ്‌- നും ആഴ്ചകളോളം ഉറങ്ങാതിരിന്നിട്ടുണ്ട് എന്ന് പുള്ളി പലരോടും പറയാറുണ്ട്. പക്ഷെ മറ്റുള്ളവര്‍ക്ക് ഉറങ്ങേണ്ടതിനാല്‍ ഇതിനു യാതൊരു തെളിവൊന്നുമില്ല. എന്നാല്‍ ആള്‍ ഒരു നിശാ ജീവിയാണ്, രാത്രിയിലാണ് വര്‍ക്കിംഗ്‌. പകല്‍ ഉറക്കവും. രാവിലെ അദ്ധ്യാപകന്‍ വരുമ്പോള്‍ രഞ്ജിത്  ഹോസ്റ്റലില്‍ ഉറക്കമായിരിക്കും. .......

അങ്ങനെ ഗുഡ് മോര്‍ണിംഗ് ബാഡ് മോര്‍ണിംഗ് ആയി കമ്പ്യൂട്ടര്‍ ലാബില്‍ ചെന്നപ്പോളുണ്ട് കഥാനായകന്‍ കമ്പ്യൂട്ടറിന് മുന്നില്‍ എന്തോ ചെയ്തു കൊണ്ട് ഇരിപ്പുണ്ട്.കമ്പ്യൂട്ടറില്‍ എന്തോ പുതിയ ഗവേഷണം നടത്തുകയാണ് പുള്ളി.  എന്താണാവോ
ഇനി കണ്ടു പിടിക്കാന്‍ പോകുന്നത്? .

അദ്ധ്യാപകന്‍ തിരക്കിയ കാര്യം പറഞ്ഞപ്പോള്‍ രഞ്ജിത്തിന്‍റെ ദേഷ്യം എന്‍റെയടുത്തായി.
ഞാന്‍ എന്തിനു അനാവശ്യമായി രഞ്ജിത്തിന്‍റെ കാര്യത്തില്‍ ഇടപെടുന്നു എന്നായി രഞ്ജിത്തിന്‍റെ ഭാഷ്യം. " എനിക്ക് 90 മിസ്സ്‌ കാളെ  ഇതുവരെ കിട്ടിയുള്ളൂ, 100 ആകുമ്പോള്‍ കാണാം, എന്തായാലും വഴക്ക് കേള്‍ക്കണം,നീ നിന്‍റെ പണി നോക്ക്****** " - എന്നായി  മറുപടി

നോക്കണേ ഒരു ഗുഡ് മോര്‍ണിംഗ് വരുത്തി വച്ച വിന....

16. ഒരു ചെറിയ വലിയ പ്രശ്നം

ഐ. ഐ. റ്റി - യിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്കും സുഹൃത്തായ അന്‍വറിന്റെയും കൂടെ പുതിയൊരാള്‍ വന്നു ചേര്‍ന്നു - നഹാസ്. ഒരു പുരോഗമന ചിന്താഗതിക്കാരനും കമ്മുണിസ്റ്റും ആയതിനാല്‍ അന്‍വറും നഹാസും ഉറ്റ സുഹൃത്തുക്കളായി - എന്‍റെയും. റിസര്‍ച്ച് തലയ്ക്കു പിടിച്ചാണ് രണ്ടുപേരുടെയും നടപ്പ്. ഗവേഷണത്തിന്റെ അനന്ത സാദ്ധ്യതകള്‍ തങ്ങളുടെ കണ്മുന്പിലുണ്ട് എന്ന ലോകത്തിലാണ് അന്‍വറും നഹാസും ജീവിക്കുന്നത്.

ഇതിനിടയിലാണ് ഒരു ചെറിയ പ്രശ്നം നഹാസ് നേരിടാന്‍ തുടങ്ങിയത് - കാര്യം നിസാരം - വീട്ടുകാര്‍ നഹാസിനെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഒരു പെണ്ണ് വന്നാല്‍ ജീവിതം വഴിയാധാരമായി എന്ന പക്ഷക്കാരനാണ് അന്‍വര്‍. സ്വന്തമായി ഒന്ന് കാലുറക്കാതെ കല്യാണം കഴിക്കില്ല എന്ന വാശിയാണ് നഹാസിന്. ഈ പ്രശ്നം നഹാസ് ഞങ്ങളുടെ മുന്‍പില്‍ അവതരിച്ചപ്പൊഴേ അന്‍വര്‍ നഹാസിനെ ഉപദേശം തുടങ്ങി " നിന്‍റെ ജീവിതം എറിഞ്ഞുടക്കണോ  എന്ന് നീ ആലോചിക്ക്, വീട്ടുകാര്‍ പലതും പറയും, നീ നിന്‍റെ ജീവിതം കളഞ്ഞുക്കുളിക്കരുത് ".

                  അന്‍വറിന്‍റെ ഉപദേശം കൊണ്ടോ അതോ ഗവേഷണത്തിന്‍റെ മത്ത് പിടിച്ചതുകൊണ്ടോ നഹാസ് കല്യാണം കഴിക്കുന്നത്‌ നീട്ടാന്‍ തീരുമാനിച്ചു. എന്ത് കാര്യം പറഞ്ഞു മാറ്റും - അതാണ് പ്രശ്നം. വീട്ടുകാര്‍ക്ക് ഇപ്പോള്‍ നഹാസിന്‍റെ ഡിമാണ്ട് അറിയണം - ഇതു തരത്തിലുള്ള  പെണ്ണ് വേണം - വീട്ടുകാരുടെ മാന്യമായ ആവിശ്യം.

        " എന്ത് പറഞ്ഞു കല്യാണം നീട്ടും? "- ഞങ്ങളുടെ ആലോചനയില്‍  രണ്ടുപേര്‍ കൂടി പങ്കു ചേര്‍ന്നു - രാമനന്ദനും സാം ജോസും. കാലുങ്കിഷിതമായ ചര്‍ച്ചയാണ്.

      " പെണ്ണുകാണല്‍ ചടങ്ങിനു പോയിട്ട് ഇഷ്ടപെട്ടില്ലെന്നു പറഞ്ഞു പിന്മാറുക" - രാമാനന്ദന്‍ ഒരു ആശയം മുന്നോട്ടു വച്ചു. പക്ഷെ എത്ര നാള്‍!! - എത്ര പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നു പറയും, ഇത് തുടര്‍ന്നാല്‍ വീട്ടുകാര്‍ നാണക്കെടും, അതിനാല്‍ ഈ ആശയം പിന്തള്ളി.
        " നാട്ടില്‍ പോയി വെള്ളമടിച്ചു വഴക്കുണ്ടാക്കുക, അന്നേരം  സ്വഭാവം  മോശമാണെന്ന് പറഞ്ഞു കല്യാണാലോചനകള്‍ മുടങ്ങും അല്ലെങ്കില്‍ പെണ്ണ് വീടുക്കാര്‍ക്ക് ഊമകത്തയക്കുക" എന്നതാണ് സാം  മുന്നോട്ടു വച്ച ആശയം. വെള്ളമടി മാത്രം മനസ്സിലുള്ള സാമിന് ഇതിലും നല്ല ആശയം പറയാന്‍ കഴിയില്ലല്ലോ. പക്ഷെ ഭാവിയില്‍ ഒരു പെണ്ണുക്കെട്ടാന്‍ നഹാസിനു താത്പര്യമുണ്ടായതിനാല്‍  അതും തള്ളി.
           " ഇന്ത്യ നേരിടുന്ന പ്രശ്നമാണ് ജനസംഖ്യാപ്പെരുപ്പം, അതിനാല്‍ ഗവേഷണത്തിന് ജീവിതം സമര്‍പ്പിക്കുന്നു എന്ന് വീട്ടുകാരെ അറിയിക്കുക" - അന്‍വറിന്‍റെ ആശയം , അന്‍വറിന്‍റെ  അത്രയും ബുദ്ധിക്കൂടുതല്‍ ഞങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍  ഇത് ചര്ച്ചക്കെടുക്കാതെ തന്നെ തള്ളി.
             " വീട്ടുകാര്‍ക്ക് അറിയേണ്ടത് ഇതു തരം പെണ്ണു വേണമെന്നാണല്ലോ, അതിനാല്‍ പറയുക, എം. എ (മലയാളം)  എം. എ (ഇംഗ്ലീഷ്) തുടങ്ങിയവ  പഠിച്ച പെണ്ണു വേണമെന്ന് പറയുക, കേരളത്തില്‍ വളരെക്കുറച്ചു ആള്‍ക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇത് പഠിക്കുന്നത്, അതിനാല്‍ കിട്ടില്ല" - രാമാനന്ദന്‍റെ അടുത്ത ആശയം  

      ഈ ആശയം എല്ലാവര്ക്കും ഒരുവിധം ഇഷ്ടപ്പെട്ടു. ഒന്ന് പരീക്ഷിക്കുക തന്നെ, അഥവാ ആരെങ്കിലും കിട്ടുവാണെങ്കില്‍ ഇഷ്ടമായില്ലെന്നു പറഞ്ഞു പിന്മാറുക, അങ്ങനെ നഹാസ് തന്‍റെ ഡിമാണ്ട് വീട്ടില്‍ വിളിച്ചു  അറിയിച്ചു .

     കേരളത്തില്‍ എഞ്ചിനീയറിങ്ങ് കോളേജുകളും മെഡിക്കല്‍  കോളേജുകളും സ്ഥാപിക്കാന്‍ കയ്യയച്ചു സഹായിച്ച സര്‍ക്കാറുകള്‍ക്കും, മക്കളെ എഞ്ചിനീയറും ഡോക്ടര്‍മാരും ആക്കാന്‍ ഓടുന്ന അല്ലെങ്കില്‍ ഓടിയ രക്ഷകര്‍ത്താക്കള്‍ക്ക് സ്തുതി. ആറു മാസമായിട്ടും ഇതുവരെ ഒരാളെപ്പോലും കണ്ടെത്താന്‍ നഹസിന്‍റെ വീട്ടുകാര്‍‍ക്കറിയില്ല....
  
                             തുടരും .....(അടുത്ത ഞായറാഴ്ച (21/11/2010))

NB:

വരാന്‍ പോകുന്ന സംഭവങ്ങള്‍ 
" കിരണ്‍ സി. ജെ -ക്ക് വന്ന കല്യാണാലോചന"

"" മൗസ് പൊട്ടറ്റോയും കമ്പ്യൂട്ടര്‍ ലാബും ഇത്തിരി ഉറക്കവും"
 

"" അജിത്ത് എന്ന സുന്ദരകുട്ടന്‍"
 

"മൂന്ന് വിപ്ലവകാരികള്‍ (സാം ജോസ്, അന്‍വര്‍, നഹാസ് ) "


 


Sunday, 7 November 2010

IIT incidents - part 4


ആദ്യമായി ബ്ലോഗ്‌ വായിക്കുന്നവര്‍ ദയവായി IIT Incidents - Part 1 ,IIT incidents part 2, IIT incidents part 3 എന്നിവ വായിച്ചതിനു ശേഷം ഇത് വായിക്കുക. അന്നേരം കൂടുതല്‍ ആസ്വാദ്യകരമാകും.
നന്ദി !!!!

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി - യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്). 


11. പ്രവീണിന്‍റെ ഒരു കാര്യമേ

        ഞങ്ങളുടെ സീനിയറായ പ്രവീണ്‍  ഐ. ഐ. റ്റി - യിലെ  പഠനത്തിനു ശേഷം തൃശ്ശൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി ജോലിക്ക് പ്രവേശിച്ചു.  മെക്കാനിക്കല്‍  എഞ്ചിനീയറിംഗ് ആയിരുന്നു പുള്ളിയുടെ പഠനവിഷയം.
                    ഒരുനാള്‍ ഞാന് അന്‍വറും മുറിയില്‍ നില്ക്കുമ്പോഴാണ് പ്രവീണിന്‍റെ ഫോണ്‍. "എടാ ഞാന്‍ പഠിപ്പിക്കുന്ന കോളേജില്‍ ഒരു സെമിനാര്‍  എടുക്കാന്‍ നിനക്കും അന്‍വറിനും കഴിയുമോ? ഫസ്റ്റ് ക്ലാസ്സ്‌ ടിക്കറ്റും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോളേജില്‍ വരെയും തിരിച്ചും  കാറില്‍ കൊണ്ടാക്കും, ചെറുതല്ലാത്ത ഒരു സംഖ്യ പ്രതിഫലവും"
" ആണ്‍ക്കുട്ടികളാണോ പെണ്‍ക്കുട്ടിളാണോ കൂടുതല്‍" എന്നതായി ഞങ്ങളുടെ സംശയം.
 സന്തോഷം ! പേരിനു മാത്രം ആണ്‍ക്കുട്ടികള്‍, പകുതിയലധികം   ‍പെണ്‍ക്കുട്ടികള്‍, ‍ ഒരു ഹീറോ ആകാന്‍ കിട്ടുന്ന അവസരം, കൂട്ടത്തില്‍ കുറെ പെണ്‍ക്കുട്ടികളെ പരിചയപ്പെടുകയും ചെയ്യാം, എനിക്കും അന്‍വറിനും നൂറു വട്ടം സമ്മതം
       അങ്ങനെ ഞങ്ങള്‍ സെമിനാറിന്‍റെ  വിഷയം  തീരുമാമാനിച്ചു. "എഞ്ചിനീയറിങ്ങും ഇന്ത്യയിലെ സാധ്യധകളും " അതാണ് ഞാന്‍ എടുക്കുന്നത്. " ഇലക്ട്രോണിക്സ് കമ്മുണിക്കേഷന്‍ രംഗത്തെ വിപ്ലവങ്ങള്‍" - അതാണ് അന്‍വറിന്‍റെ വിഷയം. " എടാ പ്രസന്‍റെഷന്‍ ഒന്ന് പെട്ടന്ന് അയച്ചു തരണം, അത് കിട്ടി ഒന്ന് നോക്കിയിട്ട് വേണം എനിക്ക് നിങ്ങള്‍ വരേണ്ട തീയ്യതി തീരുമാനിക്കാന്‍" - പ്രവീണ്‍ പറഞ്ഞു.
 ഞങ്ങള്‍ക്ക് അതും സമ്മതം
             സുന്ദരികളായ പെണ്‍ക്കുട്ടികളുടെയും അവരുടെ മുന്നില്‍ ആളാവാന്‍  കിട്ടുന്ന അവസരവും കോളേജില്‍ കിട്ടുന്ന സ്വീകരണവും   മനസ്സിലാലോചിച്ചു ഞാന്‍ എന്‍റെ പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍റെ (Microsoft PPT) പ്രവര്‍ത്തനമാരംഭിച്ചു, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വനമാണ്, ഭക്ഷണത്തിന്  മാത്രമേ പുറത്തിറങ്ങു- അതും വളരെ പെട്ടന്ന് കഴിച്ചു വീണ്ടും പ്രസന്‍റെഷന്‍റെ  പ്രവര്‍ത്തനം. (ഇങ്ങനെ പഠന വിഷയങ്ങള്‍ക്ക്‌ വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ ഐ. ഐ. റ്റി - യില്‍ ഗോള്‍ഡ്‌ മെഡല്‍ കിട്ടുമായിരുന്നു). അങ്ങനെ ഒരാഴ്ചത്തെ കഠിനാധ്വനം കൊണ്ട് അനിമേശനും വിവരങ്ങളും ചിത്രങ്ങളും സഹിതം ഒരു ഉഗ്രന്‍   പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) തന്നെ തയ്യാറാക്കി.
പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT)  മെയില്‍ ചെയ്തിട്ട് " നോക്കിയിട്ട് ഉടനെ മറുപടി പറയെണമെന്നും എത്രയും വേഗമോ അത്രയും വേഗം വരാന്‍ തയ്യാറാണെന്നും" ഞങ്ങള്‍ പ്രവീണിനെ അറിയിച്ചു. അന്ന് വൈകിട്ട് പ്രവീണിനെ വിളിച്ചെങ്കിലും " സമയം കിട്ടിയില്ല, അതിനാല്‍ നോക്കിയില്ല, നോക്കിയിട്ട് തിരിച്ചു വിളിക്കാമെന്ന്" പറഞ്ഞു.
       ഒരു നാള്‍ കഴിഞ്ഞു, രണ്ടു നാള്‍ കഴിഞ്ഞു- ഒരു വിളിയുമില്ല. ഞങ്ങള്‍ വിളിക്കുമ്പോഴൊക്കെ ഫോണ്‍ കട്ട്‌ ചെയ്യുകയാണ്. അങ്ങനെ കട്ട്‌ ചെയ്തത് കാരണം ഞങ്ങള്‍ വിളിക്കാതെയുമായി. അങ്ങനെ സുന്ദരമായ സ്വപ്നങ്ങള്‍ക്ക് ഒരു തത്കാലം മറന്നു.
      ഒരു നാള്‍ പ്രവീണ്‍ തിരിച്ചു വിളിച്ചു - " എടാ ! നീ ക്ഷമിക്കണം"
വൈകിയാണെങ്കിലും അവന്‍ വിളിച്ചില്ലേ, ഇത്ര നാളും വിളിക്കാത്തതിലാണ്  ക്ഷമാപണം നടത്തിയത്, സുന്ദരമായ സ്വപ്‌നങ്ങള്‍ എന്നില്‍ വീണ്ടും തലപൊക്കി
ഞാന്‍ മറുപടി പറഞ്ഞു  " അത് കുഴപ്പമില്ല, നീ കാര്യം പറയു"
പ്രവീണ്‍ മറുപടി പറഞ്ഞു " എടാ നിന്‍റെ പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) ഉഗ്രനായിരുന്നു, അതിനാല്‍ ഞാന്‍ കോളേജിലെ എല്ലാ കുട്ടികളെയും വിളിച്ചു കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നീ തയ്യാറാക്കിയ പവര്‍ പോയിന്റ്‌ പ്രസന്‍റെഷന്‍ (PPT) ഞാനങ്ങു പ്രസന്റ്റ്‌(present) ചെയ്തു "
   ദൈവമേ ? ഇത് കൊടും ചതിയായിപ്പോയി, ഒരാഴ്ച ഉറക്കമുളച്ചു പ്രോജക്ടും പഠനവും  മാറ്റിവെച്ചു തയ്യാറാക്കിയ പ്രസന്‍റെഷന്‍ ആണ്, എല്ലാം പോയില്ലേ !!!!

12. അന്‍വറും അമേരിക്കയും

ഐ. ഐ. റ്റി - യിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്ക് കിട്ടിയ അയല്‍ക്കാരനാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിനു പഠിക്കുന്ന അന്‍വര്‍ എന്ന കമ്മുണിസ്റ്റ്-കാരന്‍. പലപ്പോഴും ബൂര്‍ഷ്വാ കമ്പനികളെ കുറ്റം പറയുക എന്നുള്ളത് അന്‍വറിന്‍റെ പതിവ് പല്ലവിയാണ്. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുക എന്നുള്ളത് അന്‍വറിന്‍റെ വിശ്വാസ പ്രമാണമാണ്‌. ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ എല്ലാം കാര്യങ്ങള്‍ക്കും ഞാനും സപ്പോര്‍ട്ട് ആണ്. മൈക്രോസോഫ്ട്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മണ്ടന്മാര്‍ക്കു പറ്റിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്നും അല്പം വിവരം ഉള്ളവര്‍ ലിനക്സ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ ഉപയോഗിക്കാവു എന്നതാണ് അന്‍വറിന്‍റെ അവകാശവാദം. 

      ഒരുനാള്‍ ഐ. ഐ. റ്റി - യില്‍ നിന്ന് പഠിച്ചിറങ്ങിയ എന്‍റെ സുഹൃത്തായ ജിത്തു വന്നുചേര്‍ന്നു. ജോലി സ്ഥലത്ത് അവിശ്യമായ ചില ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാനാണ് പുള്ളി വന്നത്. എന്‍റെ കമ്പ്യൂട്ടറില്‍  ആണ് അവന്‍ അത് ചെയ്തു കൊണ്ടിരുന്നത്. അപ്പോളാണ് അന്‍വറിന്‍റെ വരവ്. വന്നു ഇത് കണ്ട ഉടനെ എന്നേയും മൈക്രോസോഫ്ടിനേം ചീത്ത വിളിച്ചു കൊണ്ട് എങ്ങനെ ലിനക്സില്‍ പ്രോഗ്രാം എഴുതി (script file)   മൈക്രോസോഫ്ടിനേക്കാള്‍ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് കാണിച്ചു തന്നു. ഈ കാണ്ടുപിടിതങ്ങള്‍ കണ്ടു വശം വതനായി ജിത്തു ലിനക്സിന്‍റെ  ആരാധകനായി.  എന്‍റെ സിസ്റ്റം ഉപേക്ഷിച്ചു അന്‍വറിന്‍റെ കമ്പ്യൂട്ടറിലേക്ക് ജിത്തു കുടിയേറി. 
        അന്‍വറിനെ അത്യാവിശ്യമായി ഇലക്ട്രോണിക്സ് വകുപ്പ് മേധാവി വിളിക്കുന്നു എന്ന് ഹോസ്റ്റലില്‍ വാര്‍ത്ത‍ പറന്നു. എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ, അമേരിക്കക്കെതിരെ എന്തോ പ്രവര്‍ത്തിച്ചതിനാലാണ് എന്ന് ആരോ പറഞ്ഞു. 
ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ പലപ്പോഴും അമേരിക്കക്കെതിരായ സംഭാഷണത്തില്‍  ഞാനും അന്‍വറിനു സപ്പോര്‍ട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ കാര്യമെന്താണെന്നറിയാന്‍ ഞാനും അന്‍വറിന്‍റെ കൂടെ പുറപ്പെട്ടു. (ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ  ഒരു പൗരന്  സ്വന്തം നയങ്ങള്‍ പറയാന്‍ അവകാശമില്ലേ , ഈ ഒരു ധാര്‍മിക രോഷത്തിലാണ് ഞങ്ങള്‍ അവിടെ ചെന്നത്)
         ചെന്നപാടെ വകുപ്പ് മേധാവിയെ അന്‍വര്‍ സ്വയം പരിചയപെടുത്തി. ഒരിക്കലും വിദ്ധ്യാര്‍ദ്ധികള്‍ക്ക് ഇരിക്കാന്‍ മുന്‍വശത്തെ കസേര ഓഫര്‍ ചെയ്യാത്ത വകുപ്പ് മേധാവി (വിദ്ധ്യാര്‍ദ്ധികള്‍ താണുവണങ്ങി നില്‍ക്കണമെന്നാണ് പുള്ളിയുടെ നിലപാട്), ഇപ്പോള്‍ പതിവിനു വിപരീതമായി ഇരിക്കാന്‍ അവിശ്യപെട്ടു, ഞങ്ങളുടെ മുഖത്ത് മാറിമാറി നോക്കിക്കൊണ്ട് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി അന്‍വറിനോട് ചോദിച്ചു" താങ്കള്‍ അമേരിക്കക്കെതിരെ എന്താണ് ചെയ്തത് ?"
" ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്താണ് സര്‍ കാര്യം" - അന്‍വര്‍ ഭവ്യതയോടെ മറുപടി പറഞ്ഞു. (പല പ്രാവിശ്യം പലയിടങ്ങളില്‍ വച്ച് ഞങ്ങള്‍ അമേരിക്കയും അവരുടെ നയങ്ങളെയും ചീത്ത വിളിച്ചിട്ടുണ്ട്, ഇപ്പോള്‍ ഏതാണ് സംഭവം എന്ന് അറിയില്ലല്ലോ, അതിനാല്‍ ഏതു സംഭവമാണെന്ന് സൂചന കിട്ടിയതിനു ശേഷം മാത്രം അതിന്‍റെ കാരണം പറയാം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരിന്നു)

വകുപ്പ് മേധാവി പറഞ്ഞു " താങ്കള്‍ അമേരിക്കയുടെ വെബ്-സൈറ്റ് ഹാക്ക് ചെയ്തു എന്ന് എനിക്ക് ഒരു പരാതി കിട്ടി"

(ഹോ !! വലിയ ഹാക്കര്‍  ആണെന്ന് വിചാരിച്ചാണ് മുന്‍ വശത്തെ കസേര ഓഫര്‍ ചെയ്തത്) 
" ഇല്ല സര്‍"- അന്‍വര്‍ പറഞ്ഞു.
" എനിക്ക് ഒരു പരാതി കിട്ടി , താങ്കള്‍ ASCE (അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സിവില്‍ എഞ്ചിനിയേഴ്സ്, IEEE, ASME പോലെ ഒരു പ്രസ്ഥാനം )   വെബ്-സൈറ്റിനെതിരേ എന്തോ ചെയ്തു   എന്ന്"
 ഇപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി, ജിത്തു വന്നനാള്‍ കുറെ ‍ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തു, അതാണ് പ്രശ്നം, അത് ഞാന്‍ അന്‍വറിനോട് സൂചിപ്പിച്ചു.

അന്‍വര്‍ അത് മനസ്സിലാക്കികൊണ്ട്‌ " എന്‍റെ ഒരു സുഹൃത്ത്‌ കുറെ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്" എന്ന് പറഞ്ഞു.

വകുപ്പ് മേധാവി - " ഓ. കെ! എന്തായാലും ലൈബ്രറി മേധാവിയെ കണ്ട്‌ പ്രശ്നം തീര്ക്കുക, പ്രശ്നം രൂക്ഷമാണ്, അതിനാല്‍ എത്രയും വേഗം

 ഇപ്പോള്‍ ബോള്‍ എന്‍റെ ഭാഗത്തായി, ഒന്നാമത് ജിത്തുവിനെ അന്‍വറി നു പരിചയപെടുത്തി കൊടുത്തത് ഞാനാണ്‌, രണ്ടാമത് ലൈബ്രറി വകുപ്പ് മേധാവി സിവില്‍ എന്‍ജിനിയര്‍ ഡിപ്പാര്ട്ട്മെന്റ് -ലെ അദ്ധ്യാപകനാണ്‌.

  ഞങ്ങള്‍ ലൈബ്രറി വകുപ്പ് മേധാവിയെ ചെന്ന് കണ്ടു. ഇപ്പോള്‍ പ്രശ്നം നല്ലവണ്ണം മനസ്സിലായി " ഒരു മണിക്കൂര്‍ കൊണ്ട്  240 ജേര്‍ണ്ണല്‍‍(journal) പേപ്പറാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.  തുടര്‍ച്ചയായ ഡൌണ്‍ലോഡ് കുറ്റകരമാണ് എന്ന അപകട സൂചന അവഗണിച്ചാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഇന്ത്യ മുഴുവന്‍ ഉള്ള എല്ലാ കോളേജുകളുടെയും സബ്-സ്ക്രിപ്ഷന്‍(Subscription)  ASCE മരവിപ്പിചിരിക്കുവാണ്. ഐ. ഐ. റ്റി - ക്കു ഫൈനും അടിച്ചു.

പ്രശ്നം ഗുരുതരമാണ്. അന്‍വറിനെ കോളേജില്‍ നിന്ന് പുറത്താക്കാം!!!!


മൂന്ന് ലക്ഷം രൂപ ഫൈന്‍ അടിച്ചാല്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കാം  എന്ന് ലൈബ്രറി വകുപ്പ് മേധാവി അറിയിച്ചു. (മൂന്ന് ലക്ഷം പോയിട്ട് മുപ്പതു രൂപ പോലും രണ്ടു പേരുടെയും ബാങ്ക് അക്കൌണ്ടില്‍ ഇല്ല, അന്നേരമാണ്‌ മൂന്ന് ലക്ഷം!!!!)
      ഞങ്ങള്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു, ഭാഗ്യത്തിന് ജിത്തുവിന്‍റെ പ്രൊജക്റ്റ്‌ ഗൈഡ് ആയിരിന്നു ലൈബ്രറി മേധാവി, അതിനാല്‍ പിന്നെയുള്ള കാര്യങ്ങള്‍ അവര്‍ തമ്മിലായി. അന്നുമുതല്‍ ലിനക്സിന്‍റെ മേന്മകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്ന പരിപാടി അന്‍വര്‍ നിര്‍ത്തി

13. ഒരു ബാംഗ്ലൂര്‍ യാത്ര

ഒരുനാള്‍ ഐ. ഐ. റ്റി - യിലെ ഹോസ്റ്റല്‍. മുറിയില്‍ യാന്ത്രികമായ ജീവിതത്തില്‍ (ക്ലാസ്സ്‌, ഹോം വര്‍ക്ക്‌, പരിക്ഷ, ഉറക്കം .....തുടങ്ങിയവ) മനംമടുത്ത് ഇരിക്കുമ്പോഴാണ് ഒരു പുതിയ ആശയവുമായി സുഹൃത്തായ കിരണ്‍. സി. ജെ-യുടെ വരവ്. " എടാ ! എന്‍റെ ഒരു സുഹൃത്തിന്‍റെ   ഇന്‍ഫീല്‍ഡ് ബൈക്ക് (തണ്ടര്‍ ബേര്‍ഡ് ) ചെന്നയില്‍ ഇരിപ്പുണ്ട്, നമുക്ക് അതുമെടുത്ത് ബാംഗ്ലൂര്‍ പോയാലോ, വൈകിട്ട് തിരിക്കുന്നു, പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തുന്നു. നല്ല ഐഡിയ. ഒരു ചേഞ്ച്‌ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌. അടുത്ത ദിവസം തന്നെ ബാംഗ്ലൂര്‍ പോകാന്‍ തീരുമാനിച്ചു.

ജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ക്യാന്‍വാസ് ഷൂ-വും എല്ലാം ഹോസ്റ്റലിലേ സുഹൃത്തുക്കളില്‍ നിന്നും കടം മേടിച്ചു ബാംഗ്ലൂര്‍ യാത്രക്ക് തയ്യാറെടുത്തു. ഈ ബാംഗ്ലൂര്‍ യാത്ര ഉടനെ തന്നെ ഫോണ്‍ വിളിച്ചും മെയില്‍ അയച്ചും (വീട്ടിലൊഴിച്ച്) എല്ലാവരെയും അറിയിച്ചു. ലേഡീസ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് കിരണിന്‍റെ പ്രചരണം.


ചെഗുവേരയുടെ "മോട്ടോര്‍ സൈക്കിള്‍ ഡയറിസ്" മനസ്സിലോര്‍ത്തു കൊണ്ട് (ഇത് അറിയാത്തവര്‍ മോട്ടോര്‍ സൈക്കിള്‍ ഡയറിസ് എന്ന സിനിമ കാണുക) ഉച്ചക്ക് രണ്ടു മണിക്ക് തന്നെ യാത്ര തിരിച്ചു. ഇനി ചടങ്ങ് ഓരോ ഹോസ്റ്റലിന്‍റെ മുമ്പിലും കൂട്ടുകാരെ വിളിച്ചു യാത്രപറയലും ഫോട്ടോ എടുക്കലുമാണ്- പക്ഷെ പ്രദാന ഉദ്ദേശം മറ്റുള്ളവരെ ഞങ്ങളുടെ തണ്ടര്‍ ബേര്‍ഡിലുള്ള  ബാംഗ്ലൂര്‍ യാത്ര അറിയിക്കലാണ്. അതിനാല്‍ സമയമെടുത്താണ് ഈ ചടങ്ങ്. (പതിനാല് ബോയ്സ് ഹോസ്റ്റലും രണ്ടു ലേഡീസ് ഹോസ്റ്റലും ആണ് ഐ. ഐ. റ്റി - യില്‍ ഉള്ളത്). ലേഡീസ് ഹോസ്റ്റലിന്‍റെ മുന്‍പിലാണ് കൂടുതല്‍ സമയം ചിലവഴിച്ചത് എന്ന് പറയേണ്ടതില്ലല്ലോ  രണ്ടു മണിക്ക് ഹോസ്റ്റലില്‍ നിന്നും തിരിച്ച ഞങ്ങള്‍ അഞ്ചു മണിക്കാണ് ഐ. ഐ. റ്റി - യുടെ വെളിയില്‍ എത്തുന്നത്‌), അന്നേരം ഞങ്ങളുടെ ഹോസ്റ്റലിന് മുമ്പില്‍ കാണിച്ച "ഷോ"-യെ കുറിച്ച് ആലോചിക്കുക.

    അടയാര്‍ എത്തിയപ്പോള്‍ ഒരു പ്രശ്നം , ബൈക്ക് ഓഫ്‌ ആയിപ്പോയി, എത്രയായിട്ടും സ്റ്റാര്‍ട്ട്‌ ആകുന്നില്ല. കാര്യം നിസാരം - പെട്രോള്‍ തീര്‍ന്നു.
" അന്ന, ഇങ്കെ പെട്രോള്‍ പംമ്പ് എങ്കയിരിക്ക്" - ഒരു തമിഴനോട്‌ ചോദിച്ചു.
" കൊഞ്ച ദൂരം താന്‍ , അന്ത പാലതുക്ക് അപ്പുറം താന്‍" - മറുപടി കിട്ടി.

അങ്ങനെ പെട്രോള്‍ പംമ്പ് വരെ വണ്ടി ഉരുട്ടാന്‍ തീരുമാനിച്ചു. കറുത്ത ജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ഹെല്‍മറ്റും ധരിച്ച രണ്ടു പേര്‍ മദ്രാസ്‌ സിറ്റിയില്‍ ബൈക്ക് തള്ളി കൊണ്ടുപോകുന്നത് ഒന്നാലോചിക്കുക. പോകുന്ന വണ്ടികളെല്ലാം നിര്‍ത്തി " ആരെടാ ഈ പോകുന്നത് " എന്നാ മട്ടിലാണ്‌ നോക്കുന്നത്. ഒരു കിലോ മീറ്റര്‍ ഞങ്ങള്‍ മാറി മാറി വണ്ടി ഉരുട്ടി.
 പെട്രോള്‍ അടിച്ചു യാത്ര തുടര്‍ന്ന്. ആസ്വാദ്യകരമായ യാത്ര. നൂറു- നൂറ്റി ഇരുപതു കിലോ മീറ്റര്‍ വെഗതയില്‍  ബാംഗ്ലൂര്‍ ഹൈ - വേയില്‍ കൂടി വണ്ടി പായുകയാണ്, ഓരോ മണിക്കൂര്‍ വീതം മാറി മാറിയാണ് ഞാനും കിരണും വണ്ടി ഓടിക്കുനത്. ഇതിനിടയില്‍ ചില സ്ഥലങ്ങളില്‍ നിര്‍ത്തി ഫോട്ടോ എടുപ്പും ഉണ്ടേ.

             അങ്ങനെ കാഞ്ചിപുരം പിന്നിട്ടപ്പോള്‍ മഴ വില്ലനായെത്തി. മഴെയേ അവഗണിച്ചു കുറെ ദൂരം ഓടിച്ചെങ്കിലും ഇടക്ക് ഒരു കടയില്‍ കയറി നില്‍ക്കേണ്ടതായി വന്നു. മഴ തോര്‍ന്നപ്പോള്‍ വീണ്ടും യാത്ര, പക്ഷെ മഴ വീണ്ടും വില്ലന്‍ - എന്തായാലും നനഞ്ഞു, ഇനി ഓടിക്കുക തന്നെ, കനത്ത മഴയെ അവഗണിച്ചു പിന്നേം യാത്ര- രാത്രി രണ്ടു മണി ആയപ്പോള്‍ മനസീലയി- ഇത് നടക്കില്ല - റോഡ്‌ മുഴുവന്‍ വെള്ളം- നല്ല തണുപ്പ്- അതിനാല്‍ മഴ തോര്‍ന്നിട്ടെ യാത്ര നടക്ക്, അതിനാല്‍  ഒരു വീടിന്‍റെ ചെറിയ വരാന്തയില്‍ അഭയം തേടി. രണ്ടു  മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ തോരുന്നില്ല- അതിനാല്‍ കുറെ ദുരം ഓടിച്ചു ഒരു ഹോട്ടലില്‍ അന്ന് ക്യാമ്പ് അടിച്ചു. 

        വെളുപ്പിനെ ഏഴു മണിക്ക് അവിടുന്ന് തിരിച്ചു ഒന്‍പതു മണിയായപ്പോള്‍ ബാംഗ്ലൂരില്‍ സുഹൃത്തായ വിനോദിന്‍റെ അടുത്ത് എത്തി. കുളിച്ചു കുട്ടപ്പനായി ഇന്‍ഷര്‍ട്ടും സെന്റും പൂശി  ആദ്യം ഒരു മാളിലേക്ക് (ഷോപ്പിംഗ്‌ കോംബ്ലെക്സ്) യാത്ര തിരിച്ചു. അങ്ങനെ മാളില്‍ നില്‍കുമ്പോള്‍ ആണ് കുറെ അല്‍പ വസ്ത്രധാരികളായ ചട പടാ ഇംഗ്ലീഷ് പറഞ്ഞു കൊണ്ട്  യോ- യോ പെണ്‍കുട്ടികളുടെ വരവ്. നോര്‍ത്ത് ഇന്ത്യക്കാരികള്‍ ആണെന്ന് തോന്നുന്നു.
കണ്ടപാടെ ഞാന്‍ വിനോദിന് പറഞ്ഞു " ഇവളുമാര്‍ക്ക് നല്ല ഡ്രസ്സ്‌ ധരിച്ചൂടെ, എങ്ങോട്ടാണ് ഇവരുടെ പോക്ക്, വല്ല ഫാഷന്‍ പരേഡും ഉണ്ടോ"
കിരണ്‍ പ്രതികൂലിച്ചു- " ഉള്ളതൊക്കെ കാണിക്കട്ടെടെ!! , നമ്മളില്ലേ കാണാന്‍"
(ബാംഗ്ലൂര്‍ അല്ലെ, അതിനാല്‍ അല്പം ഒച്ചത്തിലാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞത്)
 " പോടാ പ#$%.... , മലയാളികളുടെ വില കളയാന്‍ രാവിലെ ചിലവന്മാര്‍ വന്നോളും " - കൂടത്തിലെ ഒരു പെണ്‍കുട്ടി കലിപ്പിച്ചു
( ഒരു പുനര്‍ ചിന്ത: മലയാളികളുടെ വില കളയുന്നത്‌ അല്‍പ വസ്ത്രധാരികളായ നിങ്ങളോ, മാന്യമായി വസ്ത്രം ധരിച്ച ഞങ്ങളോ)
അബദ്ധം പറ്റി- അതെല്ലാം മലയാളികള്‍ ആയിരുന്നു.
" മോള് കലിപ്പിക്കാതെ ചെല്ല്, ഞങ്ങള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാ" - കിരണ്‍ ഉള്ള മസ്സിലും പെരുപ്പിച്ചു കൊണ്ട് തിരിച്ചടിച്ചു.
 
     എന്തോ പിറുപിറുത്തു കൊണ്ട് അവര്‍ പോയി, അഞ്ചു മിനിട്ട് തികഞ്ഞില്ല, കുറെ  കൈയില്ലാത്ത ഉടുപ്പും ധരിച്ചു  മസ്സിലും പെരുപ്പിച്ചു നടക്കുന്ന കുറെ ആള്‍ക്കാരെയും കൂട്ടി അവര്‍ തിരിച്ചു വന്നു.
     "തോമസ്‌ കുട്ടീ, വിട്ടോടാ വണ്ടി " എന്ന് വിനോദ് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പിന്നെ ഒരു ഓട്ടമാണ്, ലിഫ്റ്റ്‌-നെക്കാള്‍ വേഗത്തില്‍ താഴെയെത്തി.
 പിന്നെ മനസ്സിലായി, ബാംഗ്ലൂരിന് പേര് മാറ്റേണ്ട സമയമായി, നല്ലത് മലയാഗ്ലൂര്‍ എന്നതാണ്.
  " എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
      അവിടെല്ലാം മലയാളികള്‍ മാത്രം"
             പക്ഷെ മലയാളം കുരച്ചു കുരച്ച് അറിയാവുന്നവര്‍ ആണെന്ന് മാത്രം. അല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ മാത്രം മലയാളത്തില്‍ അറിയുന്നവര്‍.    


                        തുടരും .....(അടുത്ത ഞായറാഴ്ച (14/11/2010))

NB:

വരാന്‍ പോകുന്ന സംഭവങ്ങള്‍ 

"" മൗസ് പൊട്ടറ്റോയും ഇത്തിരി ഉറക്കവും"
"" അജിത്ത് എന്ന സുന്ദരകുട്ടന്‍"
"മൂന്ന് വിപ്ലവകാരികള്‍ (സോറി!!! മൂന്നു മണ്ടന്മാര്‍) "
" " അരുണ്‍ ലാലിന്‍റെ പെണ്ണുകാണല്‍ ചടങ്ങ് "